ന്യൂഡെൽഹി: കഴിഞ്ഞ വർഷം (2020) അവസാന പകുതിയിൽ 40,300 ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യ ആവശ്യപ്പെട്ടതായി ഫേസ്ബുക്ക്. 2020 ജനുവരി മുതൽ ജൂൺ വരെ ഇന്ത്യ ആവശ്യപ്പെട്ട ഉപയോക്താക്കളുടെ വിവരങ്ങളുടെ 13.3 % കൂടുതലായിരുന്നു. ഇക്കാലയളവിൽ 35,560പേരുടെ വിവരങ്ങളാണ് ഇന്ത്യ തേടിയിരുന്നത്. ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ ട്രാൻസ്പാരൻസി റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
റിപ്പോർട്ട് പ്രകാരം 40,300 പേരുടെ വിവരങ്ങൾ ഇന്ത്യ തേടിയപ്പോൾ അതിൽ 37, 865 പേരുടെ വിവരങ്ങൾ നിയമപരമായ സംവിധാനത്തിലൂടെയാണ് ആവശ്യപ്പെട്ടത്. എന്നാൽ 2435 പേരുടെ വിവരങ്ങൾ അടിയന്തരസാഹചര്യം പരിഗണിച്ച് നല്കേണ്ട വിവരശേഖരണത്തിനാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
യു എസിന് തൊട്ടുതാഴെയാണ് ഇത്തരത്തിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യ നിൽക്കുന്നത്. യു എസ് ഇക്കാലയളവിൽ 61,262ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ആഗോളതലത്തിൽ തന്നെ ഇക്കാലയളവിൽ 10 % വർധനയാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഉണ്ടായത്.
ഇന്ത്യ ഇത്തരത്തിൽ ആവശ്യപ്പെട്ട 62, 754ൽ 52 % വിവരങ്ങൾ ഫേസ്ബുക്ക് കൈമാറിയതായി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ഫേസ്ബുക്ക് സൂക്ഷ്മപരിശോധനയ്ക്കും നിയമപരമായ പരിധിയ്ക്ക് അകത്തുനിന്നുമാണ് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നത്. എന്നാൽ പരിശോധനകൾക്കു ശേഷം ഇത്തരം ചില അപേക്ഷകൾ ഫേസ്ബുക്ക് തള്ളിക്കളയുകയും ചെയ്യുമെന്ന് ഫേസ്ബുക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.