ന്യൂഡെൽഹി : ആൻഡ്രോയ് ആപ്ലിക്കേഷനായ സൂം സുരക്ഷതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ.
സൂമിൽ നിന്നും സ്വകാര്യ വിവരങ്ങൾ വരെ ചോരാൻ സാധ്യത കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏറ്റവും അധികം സ്ഥാപനങ്ങളും വ്യകതികളും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കായി ഉപയോഗിക്കുന്നത് സൂം ആണ്.
സ്വകാര്യ ആവശ്യങ്ങൾക്കായി സൂം ഉപയോഗിക്കാൻ ഇപ്പോഴും താല്പര്യപ്പെടുന്ന ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി കേന്ദ്രം പുതിയ മാര്‍ഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലമായതിനാൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത ആൻഡ്രോയ് ആപ്ലിക്കേഷനില്‍ ഒന്നാണ് ‘സൂം’. 50 പേരെ വരെ ഒരു വീഡിയോ കോൺഫറൻസ് കോളിൽ ചേര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ അപ്ലിക്കേഷന്റെ പ്രതേകത.
വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ കമ്പനികളും ജീവനക്കാരും ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിച്ചത് സൂംമിനെയാണ്.
കഴിഞ്ഞ ദിവസം അമേരിക്കയിൽ സൂം വലിയ വിവാദത്തിൽപ്പെട്ടിരിന്നു. സൂമിലെ മീറ്റിംഗുകൾക്കിടയിൽ അശ്ലീല വീഡിയോകളും സന്ദേശങ്ങളും തുടര്‍ച്ചയായി കടന്നുവരുകയായിരുന്നു. ഇതെ തുടര്‍ന്ന് ഉപയോക്താക്കൾ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയെ സമീപിച്ചിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ മനസിലാക്കിയ ഗൂഗിള്‍, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഫോണിലും കമ്പ്യൂട്ടറില്‍ നിന്നും പൂര്‍ണമായ് സൂം ആപ്ലിക്കേഷന്‍ ഒഴിവാക്കിയിരുന്നു.
ജർമ്മനി, സിംഗപ്പൂർ, തായ്വാൻ എന്നിവിടങ്ങളിലും ആപ്ലിക്കേഷന്‍ നിരോധനം ഏർപ്പെടുത്തി.
ആപ്ലിക്കേഷൻ ഹാക്കിങ്ങിലൂടെ ചോർത്തിയ ഡേറ്റയും സ്വകാര്യ വിഡിയോകളും ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ സ്വകാര്യ പാസ്വേഡുകൾ, ഇമെയിലുകൾ, ഉപകരണ വിവരങ്ങൾ എന്നിവയുൾപ്പെടെ വെബ്ക്യാം മുതൽ മൈക്രോഫോൺ വരെ ലഭ്യമായിട്ടുള്ള എല്ലാ സംയോജിത ഡേറ്റയും ചോർത്തിയിട്ടുണ്ട്. സൂമിന്റെ വലിയ സുരക്ഷാവീഴ്ചയിലേക്കാണ് ഈ പ്രശ്നങ്ങള്‍ വിരൽ ചൂണ്ടുന്നത്.