ഉപചാരം ചൊല്ലി തൃശൂർ പൂരം പിരിഞ്ഞു; അടുത്ത പൂരം 2022 മെയ് പത്തിന്

തൃശൂർ: ആളും ആരവുമില്ലാതെ കൊറോണ കാലത്തെ രണ്ടാമത്തെ തൃശൂർ പൂരവും സമാപിച്ചു. പൂരപ്പറമ്പിൽ ആൽമര കൊമ്പ് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതോടെ പകൽപൂരം ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കി ഈ വർഷത്തെ പൂരത്തിനും സമാപനമായി. അടുത്ത പൂരം 2022 മെയ് പത്തിനാണ് തീരുമാനിച്ചിരിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ രാവിലെയോടെ ഉപചാരം ചൊല്ലി പിരിഞ്ഞു. സാധാരണ നിലയിൽ ഉച്ചയോടെയാണ് പൂരം സമാപിക്കുക.

അപകടത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വിഭാഗവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകൾ കത്തിച്ച്‌ നിർവീര്യമാക്കി. പകൽപ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാൽ ചടങ്ങുകൾ മാത്രം നടത്താനാണ് ഇപ്പോൾ പാറമേക്കാവ് വിഭാഗത്തിന്റെയും തീരുമാനം. തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുത ലൈനിനു മുകളിലൂടെ സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന വിരണ്ടോടിയെങ്കിലും സ്ഥിതിഗതികൾ അൽപസമയത്തിനുള്ളിൽതന്നെ നിയന്ത്രണവിധേയമാക്കാനായി. ആൾക്കൂട്ടം കുറവായതിനാലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലും വൻദുരന്തമൊഴിവായി.

ഒന്നര മണിക്കൂർ കൊണ്ട് ഫയർഫോഴ്സ് ആൽമരം മുറിച്ച്‌ മാറ്റി. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉൾപ്പെടെ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി.