എഴുത്തുകാരന്‍ ഡോ.എസ്.വി. വേണുഗോപന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ.എസ്.വി.വേണുഗോപന്‍ നായര്‍(76) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം, തിമിരം, ഭൂമിപുത്രന്റെ വഴി എന്റെ പരദൈവങ്ങള്‍ എന്നീ കഥാസാമാഹാരങ്ങളും വാത്സല്യം, സിവിയുടെ ആഖ്യായികകളില്‍ എന്ന പഠനഗ്രന്ഥവുമാണ് പ്രധാനപ്പെട്ട കൃതികള്‍. നാടകകൃത്ത്, പ്രഭാഷകന്‍, സംഘാടകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശ്ശേരി പുരസ്‌കാരം, അബുദാബി ശക്തി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര കാരോട് ദേശത്ത് 1945 ഏപ്രില്‍ എട്ടിനായിരുന്നു ജനനം. അധ്യാപകരായ പി.സദാശിവന്‍ തമ്പിയും ജെ.വി.വിശാലാക്ഷിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ-വത്സല. മൂന്ന് മക്കളുണ്ട്.