വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ടി.വി ശങ്കരനാരായണന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.വി.ശങ്കരനാരായണന്‍ (77) അന്തരിച്ചു. കര്‍ണാടക സംഗീതത്തിലെ മധുരൈ മണി അയ്യര്‍ ശൈലിക്ക് തുടക്കമിട്ടയാളാണ് ടി.വി.ശങ്കരനാരായണന്‍. അമ്മാവനും പ്രശസ്ത സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന്‍ സംഗീതം അഭ്യസിച്ചത്.

സംഗീതജ്ഞരായ തിരുവാലങ്ങള്‍ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനായി 1945-ല്‍ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. 1968-ലാണ് ആദ്യമായി അദ്ദേഹം അരങ്ങേറ്റം കുറിയ്ക്കുന്നത്. 16-ാമത്തെ വയസ്സുമുതല്‍ അമ്മാവന്‍ മണി അയ്യര്‍ക്കൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളില്‍ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

പത്മഭൂഷണ്‍, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഗീതജ്ഞരായ അമൃത ശങ്കരനാരായണന്‍, മഹാദേവന്‍ എന്നിവരാണ് മക്കള്‍.