പ്രശസ്ത എഴുത്തുകാരന്‍ നാരായന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായന്‍(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കൊറോണ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എഴുതിയ ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സാഹിത്യകാരനാണ് നാരായന്‍. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്‍മാരുടെ ജീവിതം ഇതിവൃത്തമാക്കിയ കൊച്ചരേത്തിയായിരുന്നു അത്. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ പുരസ്‌കാരങ്ങള്‍ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി, ഈ വഴിയില്‍ ആളേറെയില്ല, പെലമറുത, ആരാണ് തോല്‍ക്കുന്നവര്‍ തുടങ്ങിയവയാണ് നാരായന്റെ മറ്റു കൃതികള്‍. ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്തായിരുന്നു നാരായന്റെ ജനനം. തപാല്‍ വകുപ്പില്‍ ജോലി നോക്കിയിരുന്ന നാരായന്‍ 1995-ല്‍ പോസ്റ്റ്മാസ്റ്ററായാണ് വിരമിച്ചത്.