എസ്.ബി കോളെജില്‍ സംവിത് 2.0 ശതാബ്ദി മെഗാ എക്‌സിബിഷന് 19-ന് തിരി തെളിയും

ചങ്ങനാശേരി: എസ്.ബി കോളെജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരിയുടെ വിജ്ഞാനമഹോത്സവം സംവിത് 2.0 സെപ്തംബര്‍ 19-ന് കേരള ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. രാവിലെ 10-ന് ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ജോബ് മൈക്കിള്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ സന്ധ്യാ മനോജ്, കൗണ്‍സിലര്‍ ബീനാ ജിജന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. കോളജ് പ്രിന്‍സിപ്പല്‍ റവ. ഫാ. റെജി പി. കുര്യന്‍ സ്വാഗതം ആശംസിക്കും. പാസ് വിതരണോദ്ഘാടനവും പ്രിന്‍സിപ്പല്‍ നിര്‍വഹിക്കും.

സംവിത് 2.0 ദേശീയ പ്രദര്‍ശനം സെപ്റ്റംബര്‍ 19 മുതല്‍ 25 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയായിരിക്കും സന്ദര്‍ശനസമയം. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, പ്ലാനറ്റോറിയം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി, റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, കേരള ഗവണ്മെന്റിന്റെ വനം, വന്യജീവി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കേരള ഫോക്ലോര്‍ അക്കാദമി, മെഡിക്കല്‍ കോളജുകള്‍ എന്നിവയ്‌ക്കൊപ്പം കോളജിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ഒരുമിക്കുമ്പോള്‍ വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും ഹബായി എസ് ബി കോളജ് മാറും.

മധ്യതിരുവിതാംകൂറിന്റെ ഈ മഹോത്സവത്തിനായി കോളജിലെ മുഴുവന്‍ കെട്ടിടങ്ങളും സെമിനാര്‍ ഹാളുകളും ഇന്‍ഡോര്‍ സ്‌റ്റേഡിയവും മൈതാനങ്ങളും തയാറായിക്കൊണ്ടിരിക്കുന്നു. നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യത്യസ്ത മേഖലകളില്‍ നടക്കുന്ന പരീക്ഷണങ്ങളും പ്രയോജനവും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സ്റ്റാള്‍ ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു എക്‌സിബിഷന്റെ ഭാഗമാകുന്നത്. കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഒരുക്കുന്ന ഈ പ്രദര്‍ശനം എക്‌സിബിഷനിലെ ശ്രദ്ധാകേന്ദ്രമാകും.

ആകാശവിസ്മയങ്ങളുടെ ചുരുളഴിക്കുന്ന വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ സ്റ്റാളും, മനുഷ്യശരീരത്തിന്റെ രഹസ്യങ്ങളിലേക്കു വാതില്‍ തുറക്കുന്ന മെഡിക്കല്‍ കോളജിന്റെ സ്റ്റാളും പോരാട്ടവീര്യങ്ങളുടെ കരുത്തുകാട്ടുന്ന ഇന്ത്യന്‍ നേവിയുടെയും ആര്‍മിയുടെയും പ്രദര്‍ശനവും എക്‌സിബിന്റെ മാറ്റ് വര്‍ധിപ്പിക്കും. ഫോക്‌ലോര്‍ അക്കാദമിയും കോളജിലെ ഭാഷാവിഭാഗങ്ങളും അണിനിരക്കുമ്പോള്‍ സംസ്‌ക്കാരത്തിന്റെ തലയെടുപ്പുള്ള ഏടുകളിലേക്കുള്ള സഞ്ചാരമായി അതു മാറും. എസ്.ബിയുടെ എല്ലാ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി മെഗാ എക്‌സിബിഷനുകള്‍ നടന്നിട്ടുണ്ട്.

1952ലാണ് എസ്.ബി യില്‍ ആദ്യത്തെ എക്‌സിബിഷന്‍ നടന്നത്. തുടര്‍ന്ന് 1965, 1986, 1992 വര്‍ഷങ്ങളില്‍ പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി 2011ല്‍ സംവിത് എന്ന പേരില്‍ എക്‌സിബിഷന്‍ നടന്നിരുന്നു. അന്ന് ഒന്നര ലക്ഷത്തിലധികം ആളുകള്‍ എക്‌സിബിഷന്‍ കാണുവാന്‍ എത്തിയിരുന്നു.

കഴിഞ്ഞതവണ ചങ്ങനാശേരിയെ വിസ്മയിപ്പിച്ച ഇന്ത്യന്‍ നേവിയുടെയും ആര്‍മിയുടെയും ബാന്റ് പ്രദര്‍ശനം എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീനമായ ഷോപ്പിങ്ങ് അനുഭവം ഒരുക്കുന്ന വാണിജ്യസ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. പുസ്തകപ്രദര്‍ശനവും കാര്‍ഷികമേളയും പ്രദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കും. ശാസ്ത്ര, സാംസ്‌കാരിക മേഖലകളിലെ നവീനസംരംഭങ്ങളും മുന്നേറ്റങ്ങളും പുതുതലമുറയ്ക്കു കണ്ടും കേട്ടും അനുഭവിച്ചും അറിയാന്‍ കഴിയുക എന്നതാണ് എക്‌സിബിഷന്റെ മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ഓരോ സ്റ്റാളിലും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുഴുവന്‍സമയ സാന്നിധ്യമുണ്ടായിരിക്കും. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തയാറാക്കിയ സംവിത് ആപ്പിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ബുക്കു ചെയ്യാം. നേരിട്ട് കാമ്പസില്‍ ടിക്കറ്റെടുക്കാനുള്ള കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.

എക്‌സിബിഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം സര്‍ഗ്ഗോത്സവം എന്ന പേരില്‍ നടക്കുന്ന കലാസന്ധ്യയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. സര്‍ഗോത്സവം, ആലാപനത്തിന് ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്യും. എക്‌സിബിഷന് മുന്നോടിയായി ചങ്ങനാശേരി നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും.

നൂറു വാഹനങ്ങള്‍ ഒരേസമയം പാര്‍ക്കുചെയ്യാന്‍ പാകത്തില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്, ഗാര്‍ഹിക ഉപകരണങ്ങളുടെ പ്രദര്‍ശനസ്റ്റാളുകള്‍, പുസ്തകശാലകള്‍, ആര്‍ട്ട് ഗാലറികള്‍, റസ്റ്ററന്റുകള്‍, കഫെറ്റേരിയകള്‍, വിപണനശാലകള്‍ തുടങ്ങിയവ എക്‌സിബിഷന് അനുബന്ധമായി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി ക്രമീകരിക്കുന്നുണ്ട്.

സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടാകാവുന്ന വര്‍ധന കണക്കിലെടുത്ത് ടോയ്‌ലറ്റ് സൗകര്യവും സെക്യൂരിറ്റി സംവിധാനവും കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സംവിത് 2.0ന്റെ വിജയത്തിനായി ജനപ്രതിനിധികളും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വാധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും നാട്ടുകാരും അഭ്യുദയകാംക്ഷികളുമുള്‍പ്പെടെ 500 അംഗങ്ങളുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ആദ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ്

ചങ്ങനാശേരി: എസ്.ബി കോളജിന്റെ ചരിത്രഘട്ടങ്ങളില്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. 1952 ലാണ് എസ്.ബിയുടെ ചരിത്രത്തിലെ ആദ്യത്തെ എക്‌സിബിഷന്‍. കോളജിലെ നാച്വറല്‍ സയന്‍സ് വിഭാഗങ്ങളുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തിയ എക്‌സിബിഷന്‍ ഉദ്ഘാടനംചെയ്തത് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയായിരുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷം 1965ല്‍ നടന്ന എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തത് പട്ടം താണുപിള്ളയായിരുന്നു.

1986-ല്‍ കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് വിപുലമായ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. ആ വര്‍ഷം ഇന്ത്യന്‍ പ്രസിഡന്റ് ഗ്യാനി സെയില്‍സിങ് കോളജ് സന്ദര്‍ശിച്ച് വിവിധ ബിരുദാനന്തര ബിരുദ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1992-ല്‍ നടന്ന സയന്‍സ് എക്‌സിബിഷന്‍ അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. ഒടുവില്‍ 2011-ല്‍ നടന്ന എക്‌സിബിഷന്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിച്ചു.