പ്രൊഫ. എം.കെ.സാനുവിനും പ്രൊഫ. സ്‌കറിയ സക്കറിയയ്ക്കും എം.ജി.സര്‍വ്വകലാശാലയുടെ ഡിലിറ്റ്

കോട്ടയം: മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും നിരൂപകനും വാഗ്മിയുമായ പ്രൊഫ.എ.കെ.സാനുവിനും അധ്യാപകനും ഭാഷാപണ്ഡിതനുമായ പ്രൊഫ.സ്‌കറിയ സക്കറിയയ്ക്കും മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബഹുമതി നല്‍കി ആദരിക്കുന്നു. സിന്‍ഡിക്കേറ്റ് ശുപാര്‍ശ അനുസരിച്ചാണ് ഡി.ലിറ്റ് ബഹുമതി നല്‍കുന്നതെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയാള വിജ്ഞാന സാഹിത്യശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എം.കെ.സാനുവിന് ഡി-ലിറ്റ് നല്‍കുന്നത്. മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകള്‍ സംബന്ധിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഭാഷാ ലോകത്തിന് സംഭാവന ചെയ്തതിനാണ് പ്രൊഫ.സ്‌കറിയ സക്കറിയക്ക് ഡി-ലിറ്റ്.

ഫ്രാന്‍സില്‍ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡിഡിയര്‍ റൂസല്‍, യവ്‌സ് ഗ്രോ ഹെയ്ന്‍സ് എന്നിവര്‍ക്ക് ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതിയും നല്‍കും. ഈ മാസം 15-ന് സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡി-ലിറ്റ്, ഡി-എസ്.സി ബിരുദങ്ങള്‍ സമ്മാനിക്കും.