റാഞ്ചി: കാമിൽ തോപ്നോ എന്ന ബിരുദതലം വരെയുള്ള വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഒരു സാധാരണ വ്യക്തി, പക്ഷേ തന്റെ ഗ്രാമവാസികൾക്കായി ജലത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രം നിർമിച്ചു നൽകി. ജാർഖണ്ഡിലെ വിദൂരഗ്രാമമായ ലോഹർദാഗയിലെ ഇരുപതോളം വീടുകൾ ഇപ്പോൾ വിളക്കുകൾ തെളിയിക്കാനും ഫോണുകൾ ചാർജ് ചെയ്യാനും ഈ വൈദ്യുതിയാണ് ഉപയോഗിക്കുന്നത് അതും സൗജന്യമായി.
ഓട്ടോ റിക്ഷയുടെ ചക്രങ്ങളും പെൽറ്റൺ വീലുമുപയോഗിച്ചാണ് കാമിൽ യന്ത്രം നിർമിച്ചത്. ഉയരത്തിൽ നിന്ന് വീഴുന്ന ജലത്തിന്റെ ശക്തിയെ വൈദ്യുതോർജമാക്കി മാറ്റുകയാണ് യന്ത്രം ചെയ്യുന്നത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്റെ അധ്യാപകനിൽ നിന്നാണ് ഇത്തരത്തിലൊരു യന്ത്രനിർമാണത്തെ കുറിച്ചുള്ള ആശയം ലഭിച്ചതെന്ന് കാമിൽ പറയുന്നു.
2018 ലാണ് ഗ്രാമത്തിൽ വൈദ്യുതി എത്തിയത്. 2013-2014 കാലത്താണ് കാമിൽ ഈ യന്ത്രത്തിന്റെ നിർമാണം ആരംഭിച്ചത്. ഒരു കൊല്ലത്തിന് ശേഷമാണ് യന്ത്രത്തിന്റെ നിർമാണം പൂർത്തിയായത്. ആദ്യം റിക്ഷയുടെ ചക്രങ്ങളും ഡൈനാമോയും ഉപയോഗിച്ചാണ് യന്ത്രമുണ്ടാക്കിയതെന്നും എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് കുറയുമ്പോൾ വൈദ്യുതി ഉത്പാദിക്കാനാവാതെയും വന്നതായി കാമിൽ പറയുന്നു.
പരിഹാസം ഭയന്ന് ആളുകളുമായി ഈ ആശയം പങ്കുവെക്കാൻ ആദ്യം മടിച്ചിരുന്നതായും പിന്നീട് യന്ത്രത്തിന്റെ പോരായ്മ മാറ്റിയതിന് ശേഷം ഗ്രാമീണരോട് കാര്യം അവതരിപ്പിക്കുകയും ചെയ്തതായി കാമിൽ പറയുന്നു. രണ്ടു തവണ തന്റെ ഉദ്യമത്തിൽ പരാജയപ്പെടുകയും പതിനായിരക്കണക്കിന് രൂപ കാമിലിന് നഷ്ടപ്പെടുകയും ചെയ്തു.
തൊഴിൽരഹിതനായിരുന്നതിനാൽ തുക വലിയ നഷ്ടമായിരുന്നെങ്കിലും തന്റെ ശ്രമത്തിൽ നിന്ന് കാമിൽ പിൻമാറിയില്ല. 2015 ൽ കാമിൽ തന്റെ പരീക്ഷണത്തിൽ വിജയിച്ചു. പിന്നീടങ്ങോട്ട് ഒരു കുതിപ്പായിരുന്നു. അനേകർ പ്രതീക്ഷയോടെയാണ് ഈ വൈദ്യുതിനിലയം കാണുന്നത്.