രാത്രി ഏതൊക്കെ സമയം പടക്കം പൊട്ടിക്കാം ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കാം. എന്നാല്‍, ചില നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം എന്നു മാത്രം. ഏതൊക്കെ സമയങ്ങളില്‍ പടക്കം പൊട്ടിക്കാമെന്നുള്ള സമയക്രമങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമായിരിക്കും പടക്കം പൊട്ടിക്കാനുള്ള അനുമതി.

ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ. ഈ പടക്കങ്ങളില്‍ ബേരിയം നൈട്രേറ്റ് ഇല്ലാത്തതിനാല്‍ വായു മലിനീകരണം കുറവായിരിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.

അതേസമയം, വരുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ ദിവസങ്ങളില്‍ രാത്രി 11.55 മുതല്‍ 12.30 വരെ പടക്കം പൊട്ടിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

കൊറോണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വായു മലിനീകരണം ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ദീപാവലിക്ക് പടക്കം നിരോധിച്ചിട്ടുണ്ട്.