ടാറ്റയുമായി സഹകരിച്ച് ഇന്ത്യയിൽ ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിന് വാൾമാർട്ട്

മുംബൈ: ടാറ്റയുമായി സഹകരിച്ച് രാജ്യത്തെ ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിലേയ്ക്ക് കടക്കാനൊരുങ്ങി വാൾമാർട്ട്‌. ഇതിനായി 1.85 ലക്ഷംകോടി രൂപ(25 ബില്യൺ ഡോളർ)ടാറ്റയിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റയും വാൾമാർട്ടും സംയുക്തസംരംഭമായിട്ടായിരിക്കും ഇതിനായി മൊബൈൽ ആപ്പ് തയ്യാറാക്കുക. ടാറ്റ സൺസ് സബ്സീഡിയറിയുടെ കീഴിൽ ഹോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന സൂപ്പർ ആപ്പിൽ വൻ നിക്ഷേപം ആയിരിക്കും വാൾമാർട്ട്‌ നടത്തുക.

ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചർച്ചതുടരുകയാണ്. ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, ഫാഷൻ, ലൈഫ് സ്റ്റൈൽ തുടങ്ങിയ ഉത്പന്നങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സൂപ്പർ ആപ്പിന് ഏകദേശം 50 – 60 ഡോളറാണ് കണക്കാക്കുന്നത്. ഇത് ഡിസംബറിലോ ജനുവരിയിലോ പുറത്തിറക്കാനാണു ഉദ്ദേശിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളും നിലവിലെ ഓൺലൈൻ പ്ലാറ്റ്ഫോമും ഏകീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. റിലയൻസിന്റെ ഡിജിറ്റൽ ബിസിനസായ ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ വിദേശ നിക്ഷേപകർ മൊത്തം 2000 കോടി ഡോളറാണ് നിക്ഷേപിച്ചത്. അതിലുമേറെയാകും വാൾമാർട്ടിന്റെ നിക്ഷേപമെന്നാണ് റിപ്പോർട്ടുകൾ.