ന്യൂഡെല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്പായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫാന്റസി ഗെയിമിങ്ങുകള്‍ ഓഫര്‍ ചെയ്യുന്നതാണ് പേടിഎമ്മിനെ നീക്കം ചെയ്യാനുളള കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്ലേ സ്റ്റോറിന്റെ നിലപാട് വ്യക്തമാക്കുന്ന ഗൂഗിള്‍ ഇന്ത്യയുടെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പേടിഎമ്മിനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ബ്ലോഗിലെ പോസ്റ്റ് വ്യക്തമാക്കുന്നു. അനധികൃത ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ അനുവദിക്കില്ല. പണം വച്ചുളള വാതുവെയ്പിന് പ്രോത്സാഹനം നല്കുന്ന ആപ്പുകളെയും ഒഴിവാക്കും. പെയ്ഡ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന വെബ്സൈറ്റുകളിലേക്ക് വഴി ഒരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അത്തരം ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യും. പേടിഎമ്മില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. കമ്പനിയുടെ പോളിസി പാലിക്കാന്‍ അവര്‍ തയ്യാറായാല്‍ പേടിഎമ്മിനെ വീണ്ടും പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്തുമെന്നും ഗൂഗിള്‍ വിശദീകരിച്ചു. പ്ലേ സ്റ്റോറില്‍ നിന്ന് ഇതിനോടകം പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് സര്‍വീസ് തുടര്‍ന്നും ലഭിക്കും. നിലവില്‍ സര്‍വീസ് മുടങ്ങിയതായുളള റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.