ശമ്പളം മെയ് നാലുമുതല്‍; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും

തിരുവനന്തപുരം: ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ശമ്പളം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റുളളവര്‍ക്കും നല്‍കും. ഏപ്രില്‍ മാസത്തെ ശമ്പളം മെയ് നാലുമുതല്‍ നൽകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ പ്രതിസന്ധി മറികടക്കാനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

കൊറോണ വ്യാപനം മൂലമുളള സാമ്പത്തിക പ്രതിസന്ധി നിമിത്തം സാഹചര്യം മനസിലാക്കി സഹകരിക്കണമെന്ന് മാത്രമാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്. അവരെ സംരക്ഷിക്കുന്ന നിലപാട് മാത്രമേ സർക്കാരിന് സ്വീകരിക്കാന്‍ സാധിക്കൂ. അതിന് വാശിപിടിക്കേണ്ടതില്ല. ഇത് ജനങ്ങള്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുക മാത്രമേ ചെയ്യുന്നുളളൂ. അത് തിരിച്ചുകൊടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കി എന്നതുകൊണ്ട് വിജയിച്ചു എന്ന ഭാവമില്ല. അവര്‍ സ്വന്തം ജീവനക്കാരല്ലേ എന്നും ഐസക് ചോദിച്ചു.

ഗവര്‍ണറില്‍ സര്‍ക്കാരിന് ഒരു അവിശ്വാസവുമില്ല. അതെല്ലാം തെറ്റിദ്ധാരണ മാത്രമാണ്. ഗവര്‍ണറോട് അപമര്യാദയായി പെരുമാറിയിട്ടില്ല എന്നും തോമസ് ഐസക് പറഞ്ഞു.

കൊറോണ പ്രതിസന്ധി മറികടക്കാനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. മാസങ്ങളിലെ ആറു ദിവസത്തെ ശമ്പളം എന്ന ക്രമത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അഞ്ചുമാസം തുക മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

മാറ്റിവെച്ച തുക മടക്കിനല്‍കുന്നത് ആറുമാസത്തിനകം പറഞ്ഞാല്‍ മതിയല്ലോയെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സാലറി കട്ട് തീരുമാനത്തിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ദുരന്ത നിവാരണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇതനുസരിച്ച് ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിച്ചുവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാവും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓര്‍ഡിനന്‍സ് ബാധകമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.