ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്നു കേന്ദ്ര ധനമന്ത്രാലയം

ന്യൂഡെൽഹി: ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ പോലെയുള്ള യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സ്) പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാടിനു ഫീസ് ഈടാക്കാൻ നീക്കമില്ലെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. യുപിഐ സേവനങ്ങൾക്ക് ചാർജ്ജേർപ്പെടുത്താൻ ഒരു തരത്തിൽ പരിഗണനയിൽ ഇല്ലെന്ന് ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പേടിഎം ഗുഗിൾ പേ പോലെയുള്ള പ്ലാറ്റ്‌ഫോം ദാതാക്കൾക്ക് മറ്റേത് മാർഗത്തിലൂടെ അവ പരിഹരിക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

യുപിഐ ഇടപാടുകൾക്കു പണച്ചെലവുണ്ടെന്നും അത് ഇടപാടുകാരിൽനിന്ന് ഈടാക്കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച ചർച്ചാരേഖ പുറത്തിറക്കിയിരുന്നു. തുടർന്നുണ്ടായ ആശങ്ക പരിഹരിക്കാനാണു കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്. യുപിഐ രാജ്യത്തിനും ജനങ്ങൾക്കും ഏറെ പ്രയോജനകരമാണെന്നും അതു സൗജന്യമായി തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

‘ പൊതുജനങ്ങൾക്ക് വലിയ സൗകര്യവും സമ്പദ്വ്യവസ്ഥയ്ക്ക് ഉൽപ്പാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ ഒരു ഡിജിറ്റൽ മേഖലയാണ് യുപിഐ. യുപിഐ സർവീസുകൾക്ക് പണം ഈടാക്കാൻ സർക്കാർ ഒരു തലത്തിൽ പോലും പരിഗണനയിൽ കൊണ്ടുവന്നിട്ടില്ല. ചെലവ് വീണ്ടെടുക്കുന്നതിനുള്ള സേവന ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കുന്നതാണ്’ കേന്ദ്രം ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.

‘ഡിജിറ്റൽ പേയ്‌മെന്റ് മേഖലയുടെ വളർച്ചയ്ക്കായി കഴിഞ്ഞ വർഷം സർക്കാരിർ സാമ്പത്തിക സഹായം പുറപ്പെടുവിച്ചിരുന്നു. അത് ഈ വർഷം തുടരുകയും ചെയ്തു. ഡിജിറ്റൽ പണമിടപാട് മേഖലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ സഹായം തുടരും’ ധനകാര്യ മന്ത്രാലയം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ ആർബിഐയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.