പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ സുഹാസിന് വെള്ളി; തരുണ്‍ ധില്ലോണിന് തോല്‍വി

ടോക്യോ: പാരാലിംപിക്‌സില്‍ പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുഹാസ് യതിരാജിന് വെള്ളി. എസ് എല്‍ 4 വിഭാഗത്തിലാണ് സുഹാസിന്റെ മെഡല്‍ നേട്ടം. ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോടാണ് താരം മത്സരിച്ചത് . മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സുഹാസ് മസൂറിനോട് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 15-21, 21-17, 21-15.

ലോക ഒന്നാം നമ്പര്‍ താരമാണ് ഫ്രാന്‍സിന്റെ ലൂക്കാസ് മസൂര്‍. എങ്കിലും മസൂറിനെതിരെ ആദ്യ ഗെയിംമില്‍ 21-15 ന് സുഹാസ് മുന്നിട്ട് നില്‍ക്കുകയും ചെയ്തു. എന്നാല്‍ അതേ പ്രകടനം പിന്നീടുള്ള ഗെയിംമുകളില്‍ പുറത്തെടുക്കാന്‍ സുഹാസിന് കഴിഞ്ഞില്ല. ഇതോടെയാണ് തോല്‍വി വഴങ്ങിയത്.

സുഹാസിന്റെ വെളളി മെഡല്‍ നേട്ടത്തോടെ ടോക്യോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 18 ആയി ഉയര്‍ന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ 26ാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം പുരുഷ ബാഡ്മിന്റണില്‍ വെങ്കലത്തിനായി മത്സരിച്ച ഇന്ത്യയുടെ തരുണ്‍ ധില്ലോണ്‍ തോറ്റു.

എസ് എല്‍ 4 വിഭാഗത്തില്‍ ഇന്തോനേഷ്യയുടെ ഫ്രെഡി സെത്തിയവാനായോടാണ് തരുണ്‍ തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തരുണിന്റെ തോല്‍വി. സ്‌കോര്‍: 21-17, 21-11. 32 മിനിട്ടാണ് മത്സരം നീണ്ടത്. ഈ ഇനത്തിലെ ലോക രണ്ടാം നമ്പര്‍ താരമായ തരുണ്‍ ധില്ലോണിന് ആദ്യ ഗെയിംമില്‍ മാത്രമാണ് മികച്ച പ്രകടനം നടത്താനായത്.