റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റ്; സെക്രട്ടറിയായി ജയ് ഷാ തുടരും

മുംബൈ: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയെ നിയമിച്ചു. ബിജെപി നേതൃത്വത്തിന് അനഭിമതനായതോടെ സൗരവ് ഗാംഗുലിയ്ക്ക് പ്രസിഡന്റ് പദവിയില്‍ കാലാവധി നീട്ടിനല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് റോജര്‍ ബിന്നിയെ നിയമിച്ചത്.

67കാരനായ ബിന്നി ബിസിസിഐയുടെ 36-ാമത് പ്രസിഡന്റാണ്. 1983-ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ആ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും റോജര്‍ ബിന്നിയായിരുന്നു. നിലവില്‍ കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനാണ് റോജര്‍ ബിന്നി.

മുംബൈയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി ഏകകണ്ഠമായാണ് റോജര്‍ ബിന്നിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിയും കേന്ദ്രമന്ത്രി അമിത ഷായുടെ മകനുമായ ജയ് ഷാ തന്നെ വീണ്ടും സെക്രട്ടറിയായി തുടരും.