കാന്‍ബറ: ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്റെ കാലുകള്‍ തളര്‍ന്നു. ഹൃദയ ശസ്ത്രക്രിയക്ക് ഇടയില്‍ നട്ടെല്ലില്‍ ഉണ്ടായ സ്ട്രോക്കാണ് കാലുകളുടെ ചലന ശേഷി നഷ്ടപ്പെടാന്‍ കാരണം. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം അപകടനില തരണം ചെയ്തു.
കാലുകള്‍ തളര്‍ന്നതോടെ ഓസ്ട്രേലിയയിലെ സ്പെഷ്യലിസ്റ്റ് സ്പൈനല്‍ ആശുപത്രിയില്‍ കെയ്ന്‍ ചികിത്സ തേടും. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സ് ജീവരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. എന്നാല്‍ കാന്‍ബറയിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെയ്ന്‍സിന്റെ നില മെച്ചപ്പെടുത്താന്‍ വേണ്ട ചികിത്സയെല്ലാം നല്‍കുന്നുണ്ടെന്നും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും കെയ്ന്‍സിന്റെ കുടുംബം പറഞ്ഞു. ഹൃദയ ധമനികള്‍ പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്‍ന്നാണ് കെയ്ന്‍സിനെ ഓഗസ്റ്റ് ആദ്യ വാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് സിഡ്നിയിലെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയാണ് താരത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ പൂര്‍ണമായും ആരോഗ്യനില വീണ്ടെടുക്കുന്നതിന് ഒരുപാട് സമയം കെയ്ന്‍സിന് വേണ്ടി വരും.
ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി പേരെടുത്താണ് കെയ്ന്‍സ് കളിക്കളം വിട്ടത്. 1990 മുതല്‍ 2006 വരെയുള്ള കാലയളവില്‍ 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ടി20യും താരം കളിച്ചു. 3320 റണ്‍സ് ആണ് ടെസ്റ്റിലെ സമ്പാദ്യം. 218 വിക്കറ്റും വീഴ്ത്തി. 4950 റണ്‍സും 201 വിക്കറ്റും ഏകദിനത്തില്‍ കെയ്ന്‍സിന്റെ പേരിലായുണ്ട്.