കാബുള്‍: താലിബാന്‍ ഭീകരർ ഭരണം പിടിച്ചതിന്റെ അസ്വസ്ഥതകള്‍ രാജ്യത്ത് പുകയുന്നതിന് ഇടയിലും തങ്ങളുടെ പരിശീലനം പുനരാരംഭിച്ച് അഫ്ഗാന്‍ പുരുഷ ക്രിക്കറ്റ് ടീം. താലിബാന്‍ ഭരണകൂടം ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി പറഞ്ഞു.
വിമാനയാത്രകള്‍ പുനരാരംഭിക്കുമ്പോള്‍ ശ്രീലങ്കയിലേക്ക് അഫ്ഗാന്‍ ടീം യാത്ര തിരിക്കും. പാകിസ്ഥാനെതിരായ അഫ്ഗാന്റെ ഏകദിന പരമ്പരയുടെ വേദി ശ്രീലങ്കയാണ്. യുഎഇയാണ് നേരത്തെ പരമ്പരയുടെ വേദിയായി നിശ്ചയിച്ചിരുന്നത്.
എന്നാല്‍ യുഎഇയില്‍ ഐപിഎല്‍ വേദിയാവുന്നതോടെ പാകിസ്ഥാന്‍-അഫ്ഗാന്‍ പരമ്പര ശ്രീലങ്കയിലേക്ക് നീക്കുകയായിരുന്നു. പുരുഷ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
വനിതാ ടീമിന്റെ ഭാവിയെ കുറിച്ച് ഹമീദ് ഷിന്‍വാരി പ്രതികരിച്ചില്ല. വനിതാ ക്രിക്കറ്റ് ടീം തുടരുന്നത് താലിബാന്‍ വിലക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ കളിക്കുന്നത്. റാഷിദ് ഖാന്‍, മുഹമ്മദ് നബി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഹണ്ട്രണ്ട് ടൂര്‍ണമെന്റ് കളിക്കുകയാണ്.