ലോഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടയിലും മോശം പെരുമാറ്റവുമായി ഇംഗ്ലണ്ട് ആരാധകര്‍. മത്സരം ആവേശകരമായി മുന്നേറുമ്പോള്‍ അതിനെ തകര്‍ക്കും വിധമായിരുന്നു ഇത്തവണ കാണികളുടെ പ്രവൃത്തി. ആദ്യ ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതിന് പിന്നാലെ ഇത്തവണ കെ എല്‍ രാഹുലിന് നേരെ കോര്‍ക്ക് എറിയുകയായിരുന്നു ഇംഗ്ലണ്ട് ആരാധകര്‍.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മുഹമ്മദ് ഷമി എറിഞ്ഞ 69ാം ഓവറിനിടെയായിരുന്നു സംഭവം. ബൗണ്ടറി ലൈനിന് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന കെ എല്‍ രാഹുലിന് നേരെ കാണികള്‍ക്കിടയില്‍ നിന്ന് ബോട്ടില്‍ കോര്‍ക്കുകള്‍ വലിച്ചെറിയുകയായിരുന്നു. നിരവധി കോര്ക്കുകളാണ് ഇങ്ങനെ എറിഞ്ഞത്. കോര്‍ക്ക് ഏറില്‍ അസ്വസ്ഥനായ രാഹുല്‍ ചിലത് എടുത്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് എറിയുന്നതും കണ്ടു.
തൊട്ടടുത്ത ഓവറിലും ഇത് തുടര്‍ന്നു. സംഭവമറിഞ്ഞ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പെട്ടെന്ന് തന്നെ പ്രതികരിച്ചു. കോര്‍ക്ക് കാണികള്‍ക്ക് നേരെ തിരിച്ചെറിയാന്‍ രാഹുലിനോട് ആംഗ്യം കാട്ടുകയാണ് അദ്ദേഹം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കാണികളില്‍ നിന്നുള്ള മോശം പെരുമാറ്റം വിരാട് കോലി പെട്ടെന്ന് തന്നെ അമ്പയര്‍മാരുടെ ശ്രദ്ധയിലും പെടുത്തി.
മത്സരം അല്പസമയം നിര്‍ത്തിവെക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. സെഞ്ച്വറി നേടിയ രാഹുലിനോടുള്ള അമര്‍ഷമാണ് ഇംഗ്ലണ്ട് ആരാധകര്‍ പുറത്തെടുത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നാം ഇന്നിംഗ്സില്‍ രാഹുല്‍ 129 റണ്‍സ് നേടിയിരുന്നു. ഒരിടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ താരം ഗംഭീര ഫോമിലാണ് കളിക്കുന്നത്.