ദോഹ: പ്രവാസികളുടെ മടങ്ങിവരവോടെ ഖത്തറിൽ ഹോട്ടൽ ക്വാറന്റീന് തിരക്കേറുന്നു. മുറിയുടെ ലഭ്യത കുറവാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണം. അവധിക്ക് ശേഷം വരും ആഴ്ചകളിലായി ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങളുടെ തിരക്കു വർധിക്കുന്നതാണ് ഹോട്ടൽ ക്വാറന്റീൻ മുറി ലഭ്യത കുറയാൻ കാരണം.
ഇന്ത്യക്കാർക്കുള്ള പുതുക്കിയ ക്വാറന്റീൻ നയം അനുസരിച്ച് ഖത്തറിൽ കൊറോണ വാക്‌സീൻ എടുത്തവരും കൊറോണ വന്നു സുഖപ്പെട്ടവരും മടങ്ങിയെത്തുമ്പോൾ രണ്ടു ദിവസവും മറ്റെല്ലാ വിഭാഗം യാത്രക്കാരും പത്തു ദിവസവും ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. അതേസമയം വാക്‌സീൻ എടുക്കാത്ത സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശനവുമില്ല.
ഖത്തർ അംഗീകൃത കൊറോണ വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ പ്രവാസികൾക്കും സ്വദേശികൾക്കും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്ന വ്യവസ്ഥ ഇക്കഴിഞ്ഞ ജൂലൈ എട്ടിന് പ്രാബല്യത്തിൽ വന്നതിന്റെ ആശ്വാസത്തിലാണ് ഭൂരിഭാഗം പേരും അവധിയാഘോഷിക്കാൻ പോയത്.
എന്നാൽ ഡെൽറ്റ വൈറസിന്റെ വരവും പ്രതിദിന കൊറോണ പോസിറ്റീവ് സംഖ്യയിലുണ്ടായ വർധനവുമാണ് കൊറോണ വ്യാപനം കൂടിയ ഇന്ത്യ ഉൾപ്പെടെയുള്ള ആറു രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും വീണ്ടും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കാൻ കാരണം.