നിയന്ത്രണങ്ങള്‍ പൂർണ്ണമായി പിന്‍വലിക്കാന്‍ കുവൈറ്റ്; മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കും

കുവൈറ്റ്: കൊറോണ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജനജീവിതം സാധാരാണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ കുവൈറ്റും. ഇതിനുള്ള ചര്‍ച്ചകള്‍ കുവൈറ്റ് മന്ത്രാലയം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയുടെ സാധാരണ യോഗത്തിലാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ നടക്കുന്ന മന്ത്രിസഭയുടെ പ്രത്യേക യോഗത്തില്‍ കൈക്കൊള്ളുമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കൊറോണ അടിയന്തരങ്ങള്‍ക്കായുള്ള മന്ത്രിതല സുപ്രിം കമ്മിറ്റി തയ്യാറാക്കി സമര്‍പ്പിച്ച ശുപാര്‍ശകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം, മാസ്‌ക് തുങ്ങിയവ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ നല്‍കാനാണ് സുപ്രിം കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതോടൊപ്പം നിബന്ധനകള്‍ക്ക് വിധേമായി വിവാഹ പാര്‍ട്ടികളും മറ്റും അനുവദിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകും.

പള്ളികളില്‍ മാസ്‌ക്കും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നതാണ് കമ്മിറ്റിയുടെ മറ്റൊരു നിര്‍ദ്ദേശം. സെമിനാറുകള്‍ പോലുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കാനും നിര്‍ദ്ദേശമുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്നതാണ് കമ്മിറ്റിയുടെ മറ്റൊരു ശുപാര്‍ശ. സര്‍വീസ് നടത്താന്‍ അനുമതിക്കായി അപേക്ഷ നല്‍കിയ എല്ലാ വിമാന കമ്പനികള്‍ക്കും അനുമതി നല്‍കണം.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിസ നടപടികള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാനും സുപ്രിം കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ഇളവുകള്‍ നടപ്പിലാക്കുന്നതിനുള്ള രീതികള്‍, മാനദണ്ഡങ്ങള്‍, തീയതി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സുപ്രിം കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ സാധാരണയോഗം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

രാജ്യത്ത് കൊറോണ വ്യാപനം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുകയും വാക്സിനേഷന്‍ ക്യാംപയിന്‍ നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. രാജ്യത്ത് ഇതിനകം പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ചവര്‍ ജനസംഖ്യയുടെ 70 ശതമാനം കടന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ രാജ്യത്തെ എല്ലാ ക്വാറന്റൈന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടാനും കുവൈറ്റ് ആരോഗ്യ മന്ത്രാലയം നേരത്തേ തീരുമാനം എടുത്തിരുന്നു.