ലോകം ടോക്യോയിലേക്ക്; കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; റാങ്കിംഗ് റൗണ്ടില്‍ മെച്ചപ്പെട്ട പ്രകടനവുമായി ദീപിക കുമാരി

ടോക്യോ: മഹാമാരിയുടെ കാലത്ത് അതിജീവന സന്ദേശവുമായി ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കമാകും. ടോക്യോയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സില്‍ കാണികള്‍ക്ക് പ്രവേശനമില്ല. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും മുന്നില്‍ അണിനിരക്കുക ഗ്രീസാണ്. അക്ഷരമാലാ ക്രമത്തില്‍ ഇരുപത്തിയൊന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. മലയാളി താരം സജന്‍ പ്രകാശ് ഉള്‍പ്പടെ ഇന്ത്യന്‍ സംഘത്തില്‍ ഇരുപത്തിയാറുപേര്‍ മാത്രമേയുണ്ടാവൂ. മന്‍പ്രീത് സിങ്ങും മേരി കോമും ഇന്ത്യന്‍ പതാകയേന്തും. ആതിഥേയരായ ജപ്പാനാണ് ഒടുവില്‍ അണിനിരക്കുക.

ഉദ്ഘാടന ദിനത്തിലെ പരിപാടികളും കൊറോണ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി മാത്രമായരിക്കും. വ്യോമസേന ആകാശത്ത് ഒളിംപിക് വളയങ്ങള്‍ തീര്‍ക്കും. പിന്നാലെ ഒളിംപിക്സ് ഉദ്ഘാടനം ചെയ്തതായി ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോ പ്രഖ്യാപിക്കും. പതിനഞ്ച് രാഷ്ട്രത്തലവന്‍മാര്‍ ചടങ്ങിന് സാക്ഷിയാവും. കൊറോണയെ തുടര്‍ന്ന് ഒരു വര്‍ഷം വൈകിയാണ് ഇത്തവണ ഒളിമ്പിക്‌സ് നടക്കുന്നത്.

ആദ്യ ദിനം തന്നെ റെക്കോര്‍ഡോടെയാണ് ടോക്യോ ഒളിമ്പിക്‌സിന് തുടക്കമാകുന്നത്. റാങ്കിംഗ് റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ ആന്‍സാനാണ് ഈ നേട്ടത്തിന് ഉടമ. വനിതകളുടെ അമ്പെയ്ത്തില്‍ ആണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. 680 പോയിന്റോടെയാണ് ആന്‍ സാന്‍ നേടിയത്. 1996 ല്‍ യുക്രൈനിന്റെ ലിന ഹെറാസിമെങ്കോ സ്ഥാപിച്ച 673 പോയന്റ് എന്ന റെക്കോഡാണ് 20-കാരി ആന്‍ മാറ്റിയെഴുതിയത്.

അതേസമയം റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ വനിതാ താരം ദീപിക കുമാരി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അമ്പെയ്ത്തില്‍ മാറ്റുരച്ച ദീപിക കുമാരി ഒന്‍പതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. 663 പോയിന്റാണ് ദീപികയ്ക്ക് കിട്ടിയത്. ദീപിക ഒരുവേള 14-ാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു.

ഭൂട്ടാന്റെ കര്‍മയാണ് അടുത്ത റൗണ്ടില്‍ ദീപികയുടെ എതിരാളി. ഇന്ന് പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ദീപികയുടെ പങ്കാളി അതാനു ദാസും മത്സരിക്കുന്നുണ്ട്. ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന മത്സരമാണ് റാങ്കിംഗ് റൗണ്ട്.