ഓൺലൈൻ പഠനം ഇനി ഗൂഗിൾ വർക്ക്സ്പേസ് വഴി

തിരുവനന്തപുരം : പുതിയ പ്ലാറ്റ്ഫോമായ ഗൂഗിൾ വർക്ക്സ്പേസ് വഴിയാകും ഇനിയുള്ള ഓൺലൈൻ പഠനം. ലാപ്ടോപ്പുകളിലും ടാബ്‌ലെറ്റുകളിലുമാണ് ഈ പൊതുപ്ലാറ്റ്‌ഫോം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുക.

തങ്ങളുടെ എല്ലാ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഗൂഗിളിന്റെ പൊതു പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്സ്പേസ് അഥവാ ജി-സ്വീറ്റ്. ഈ പ്ലാറ്റ്ഫോമിനെയാണ് രണ്ടാംഘട്ട ഡിജിറ്റൽ പഠനത്തിൽ സംസ്ഥാനം ആശ്രയിക്കാനുദ്ദേശിക്കുന്നത്. കൈറ്റിനാണ് നടത്തിപ്പുചുമതല.

ലേണിങ് മാനേജ്മെന്റ് സംവിധാനമായാണ് (എൽഎംഎസ്) ജി-സ്വീറ്റിനെ ഉപയോഗപ്പെടുത്തുക. വീഡിയോ കോൺഫറൻസിങ്ങിനുള്ള ഗൂഗിൾ മീറ്റ്, ഗൂഗിൾ ക്ലാസ് റൂം, ഡേറ്റകൾ സൂക്ഷിക്കാനുള്ള ഡ്രൈവ്സ് ആൻഡ് ഡോക്സ്, ഗൂഗിൾ ചാറ്റ് തുടങ്ങി അധ്യാപകർക്കും വിദ്യാർഥികൾക്കും ആവശ്യമുള്ള 14 ആപ്പുകൾ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.