‘ഗുജറാത്ത് കലാപം ഏത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍’; ചോദ്യം വിവാദത്തില്‍, നടപടിയെന്ന് സിബിഎസ്ഇ

ന്യൂഡെല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെട്ടതില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍. പന്ത്രണ്ടാം ക്ലാസ് ഫസ്റ്റ് ടേം പരീക്ഷയുടെ സോഷ്യോളജി പേപ്പറിലെ ചോദ്യമാണ് വിവാദമായത്. 2002-ല്‍ ഗുജറാത്തില്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു വര്‍ഗീയകലാപം അരങ്ങേറിയതെന്നായിരുന്നു ചോദ്യം. കോണ്‍ഗ്രസ്, ബിജെപി, ഡെമോക്രാറ്റിക് ആന്‍ഡ് റിപ്പബ്ലിക്കന്‍ എന്നീ മൂന്ന് ഉത്തരങ്ങളില്‍നിന്ന് ശരിയുത്തരം തിരഞ്ഞെടുക്കാനായിരുന്നു ചോദ്യം.

സിബിഎസ്ഇയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധവും അനുചിതവുമാണ് ചോദ്യമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

പുറത്തുനിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത്. അക്കാദമിക് വിഷയത്തിലൂന്നി ജാതി, മത, ലിംഗ, ദേശ ഭേദങ്ങളെ ബാധിക്കാതെയാവണം ചോദ്യങ്ങളെന്ന് വ്യക്തമായ നിര്‍ദേശം അവര്‍ക്ക് നല്‍കിയിരുന്നു. ചോദ്യങ്ങള്‍ സാമൂഹികമായോ രാഷ്ട്രീയമായോ ജനവികാരത്തെ ബാധിക്കുന്നതാവരുതെന്നും മാര്‍ഗനിര്‍ദേശത്തിലുള്ളതായി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിക്ക് തീപിടിച്ച് 59 കര്‍സേവകര്‍ മരിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ പടര്‍ന്ന വര്‍ഗീയകലാപത്തില്‍ ആയിരത്തോളംപേരാണ് മരിച്ചത്.

2012 ഫെബ്രുവരിയിലെ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍, 2002ല്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും മറ്റ് 63 പേരെയും പ്രോസിക്യൂഷന്‍ ചെയ്യാവുന്ന തെളിവുകളൊന്നുമില്ല എന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കുറ്റവിമുക്തരാക്കി.