ലണ്ടന്‍ : ഇഞ്ചോടിഞ്ച് ആവേശം കണ്ട കലാശപ്പോരാട്ടത്തിനൊടുവിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ളണ്ടിനെ 3-2ന് കീഴടക്കി ഇറ്റലി യൂറോ കപ്പ് ഫുട്ബാള്‍ കിരീടം സ്വന്തമാക്കി. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന യൂറോ കപ്പ് ഫൈനലില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ സേവുചെയ്ത ഇറ്റാലിയന്‍ ഗോളി ഡൊണറുമ്മെയാണ് സൂപ്പര്‍ ഹീറോ ആയത്.
1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയാണ് ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നൽകുന്നതായി ഫൈനലിലെ തോൽവി.
മത്സരം തുടങ്ങി രണ്ടുമിനിട്ട് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ലൂക്ക് ഷായാണ് ഇംഗ്ളണ്ടിന് ലീഡ് നല്‍കിയത്. ഇന്നലെ 26-ാം പിറന്നാള്‍ ആഘോഷിച്ച ലൂക്ക് ഷാ രാജ്യത്തിന് വേണ്ടി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.
ഒരു കോര്‍ണര്‍ കിക്കിന്റെ കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് ട്രിപ്പിയര്‍ നല്കിയ ക്രോസ് ഇറ്റാലിയന്‍ ഗോളി ഡൊണറുമ്മയെ നിഷ്പ്രഭനാക്കി വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു ലൂക്ക് ഷാ.66-ാം മിനിട്ടില്‍ ലിയനാര്‍ഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്കുവേണ്ടി തിരിച്ചടിച്ചത്. ഒരു കോര്‍ണര്‍ കിക്ക് ഇംഗ്ളീഷ് ഗോളി പിക്ഫോര്‍ഡ് തട്ടിമാറ്റിയത് പിടിച്ചെടുത്തായിരുന്നു ബൊന്നൂച്ചിയുടെ സ്കോറിംഗ്. യൂറോ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണ് ഇന്നലെ ലൂക്ക് ഷാ സ്വന്തമാക്കിയത്.
പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി. ഇറ്റലിയുടെ ബെലോട്ടിയുടെ കിക്കും ലക്ഷ്യം കണ്ടില്ല.