റോം: ഉക്രെയ്നിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് യൂറോ കപ്പിന്റെ സെമി ഫൈനലില്‍ കടന്ന് ഇംഗ്ലണ്ട്. സെമിയില്‍ ഡെന്മാര്ക്ക് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. തുടരെ രണ്ടാം മത്സരത്തില്‍ ഗോള്‍ വല കുലുക്കി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മുന്പില് നിന്നപ്പോള്‍ സൗത്ത്ഗേറ്റും കൂട്ടരും സെമി പ്രവേശനം ആഘോഷമാക്കി.
നാലാം മിനിറ്റില്‍ തന്നെ കെയ്ന്‍ ഗോള്‍ വല കുലുക്കി ഇംഗ്ലണ്ടിന് കളിയില്‍ മുന്‍തൂക്കം ഉറപ്പിച്ചു. സ്റ്റെര്‍ലിങ്ങിന്റെ പാസില്‍ നിന്നായിരുന്നു കെയ്നിന്റെ കളിയിലെ ആദ്യ ഗോള്‍. 46ാം മിനിറ്റില്‍ ലൂക്ക് ഷാ എടുത്ത ഫ്രീകിക്കിലൂടെയാണ് ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തിയത്. ഫ്രീകിക്കില്‍ ഹെഡ് ചെയ്ത് മഗ്വയര്‍ പന്ത് വലയ്ക്കുള്ളിലേക്ക് എത്തിച്ചു. 50ാം മിനിറ്റില്‍ കളിയിലെ തന്റെ രണ്ടാമത്തെ ഗോള്‍ കണ്ടെത്തി ഹാരി കെയ്ന്‍ വീണ്ടും.
ലുക്ക് ഷായുടെ ബോക്സിലേക്കുള്ള ക്രോസില്‍ തലവെച്ച് കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡ് 3-0 ആയി ഉയര്‍ത്തി. 63ാം മിനിറ്റില്‍ ഹെന്‍ഡേഴ്സന്റെ ഊഴമായിരുന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ് ചെയ്ത് വല കുലുക്കിയായിരുന്നു ഹെന്‍ഡേഴ്സന്റെ ഗോള്‍. ഡെന്മാര്ക്ക് ആണ് സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ചെക്ക് റിപ്പബ്ലിക്കിനെ 1-2ന് തോല്‍പ്പിച്ചാണ് ഡാനിഷ് പടയുടെ വരവ്.