തിരുവനന്തപുരം: ബിഎസ് സി നഴ്സിംഗ്, ബിഎഡ്, ബി വോക് അവസാന വർഷ പരീക്ഷകൾ 21 മുതൽ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ല തീയതികളിലാവും പരീക്ഷ. കൊറോണ പ്രോട്ടോക്കോൾ പാലിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.
സർവകലാശാലകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28 മുതൽ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വൈസ് ചാൻസലർമാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ജൂൺ 15 മുതൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് മാറ്റുകയായിരുന്നു.
ഒരോ പരീക്ഷയ്ക്കുമിടയിലെ ഇടവേളകൾ സർവകലാശാലകൾക്ക് തീരുമാനിക്കാം. കൊറോണ മാർഗനിർദ്ദേശങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രം. പരീക്ഷാർത്ഥികൾ, സ്ക്രൈബുകൾ, പരീക്ഷാ സ്ക്വാഡ് അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രം പ്രവേശനം.
പരീക്ഷ സുഗമമായി നടത്താൻ സ്ഥാപന മേധാവി, വിദ്യാർത്ഥി, അദ്ധ്യാപക, അനദ്ധ്യാപക രക്ഷാകർതൃസമിതി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം.