ലോകകപ്പ്​ യോഗ്യത റൗണ്ട്; ഇന്ത്യൻ മോഹങ്ങൾക്ക് അഫ്​ഗാ​‍ൻ്റെ പൂട്ട്​

ദോഹ: ​ലോകകപ്പ്​ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് അഫ്​ഗാ​‍ൻ്റെ പൂട്ട്​. 1-1നാണ്​ സുനിൽ ഛേത്രിയെയും സംഘത്തെയും അഫ്​ഗാൻ തളച്ചത്​. സമനിലയിൽ കുടുങ്ങിയെങ്കിലും ഗ്രൂപിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യ ഏഷ്യൻ കപ്പ്​ യോഗ്യത മൂന്നാം റൗണ്ടിലേക്ക്​ മുന്നേറി.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ഇന്ത്യയെ ഫലപ്രദമായി പ്രതിരോധിച്ചുനിര്‍ത്താന്‍ അവര്‍ക്കായി. 9-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഷോട്ട് അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 75-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. മലയാളി താരം ആഷിഖ് കുരുണിയന്‍ നല്‍കിയ ക്രോസ് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ ഓവെയ്‌സ് അസീസിക്ക് പിഴച്ചു.

കയ്യില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പന്ത് ഗോള്‍വര കടന്നു. എന്നാല്‍ ഏഴാം മിനിറ്റുകള്‍ക്ക് ശേഷം അഫ്ഗാന്‍ സമനില പിടിച്ചു. സമാനിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് രക്ഷപ്പെടുത്താനായില്ല. ഇന്ത്യ അവസാനവട്ട ശ്രമം നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.

ഗ്രൂപ്പ് ഇയില്‍ പോയിന്റ് പട്ടികയില്‍ ഖത്താര്‍, ഒമാന്‍ എന്നിവര്‍ക്ക പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എട്ട് മത്സരങ്ങളില്‍ ഏഴ് പോയിന്റുകള്‍ മാത്രം. നാലാാം സ്ഥാനത്തുള്ള അഫ്ഗാന് ആറ് പോയിന്റുണ്ട്. രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്.
ലോകകപ്പ്​ യോഗ്യതയുടെ അടുത്ത റൗണ്ടിലേക്കുള്ള ഇന്ത്യയുടെ സാധ്യത നേരത്തേ അവസാനിച്ചിരുന്നു.

ഗോൾവലക്കു മുന്നിൽ ഗുർപ്രീത്​ സിങ്​ സന്ധു, പ്രതിരോധത്തിൽ സന്ദേശ്​ ജിങ്കാൻ, സുഭാശിഷ്​ ബോസ്​, ചിൻഗ്ലെസേന സിങ്​, വിങ്​ ബാക്കുകളായി ആഷിക്​ കുരുണിയൻ, രാഹുൽ ബെക്കെ, മധ്യനിരയിൽ സുരേഷ്​ വാങ്​ജം, ഗ്ലാൻ മാർട്ടിൻസ്​, ബ്രൻഡൻ ഫെർണാണ്ടസ്​, മുൻനിരയിൽ നായകൻ സുനിൽ ഛേത്രി, മൻവീർ സിങ്​ എന്നിവരാണ്​ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇറങ്ങിയത്​. ഗോകുലം കേരള താരം ശരീഫ്​ മുഹമ്മദ്​, മുൻ ഗോകുലം താരം ഹാറൂൺ അമീരി എന്നിവർ അഫ്​ഗാൻ ഇലവനിൽ ഇടംപിടിച്ചു.