ന്യൂഡെൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗം അവസാനിച്ചു. ചർച്ചയിൽ, പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമായില്ല. സംസ്ഥാനങ്ങൾ ഭിന്ന നിലപാടാണ് സ്വീകരിച്ചത്. യോഗത്തില അഭിപ്രായങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. പ്രധാനമന്ത്രിയായും വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെൽഹി, മഹാരാഷ്ട്ര സർക്കാരുകൾ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു.
സെപ്റ്റംബറിൽ പരീക്ഷ നടത്താമെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടത്. വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിന് മുൻപ് പരീക്ഷ നത്തരുത് എന്നാണ് ഡൽഹി സർക്കാർ സ്വീകരിച്ച നിലപാട്.
ചില വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തുകയോ, സമയം കുറച്ച് പരീക്ഷ നടത്തുകയോ ചെയ്യാമെന്ന് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു. എന്നാൽ പരീക്ഷയുടെ സമയം കുറയ്ക്കുന്നത് സംബന്ധിച്ച് ചില സംസംസ്ഥാനങ്ങൾ സംശയം പ്രകടിപ്പിച്ചു.