വനിത ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ഡബ്ല്യൂ വി രാമനെ മാറ്റിയതില്‍ ഗംഗുലിക്ക് അതൃപ്തി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും ഡബ്ല്യു വി രാമനെ മാറ്റിയ സംഭവത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ഡബ്ല്യു വി രാമന് പകരക്കാരനായി ഇന്ത്യന്‍ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി രമേശ് പവാര്‍ എത്തിയത്.

2018 ല്‍ വര്‍ഷാവസാനം വരെ ദേശീയ പരിശീലകനായി സേവനമനുഷ്ഠിച്ചിരുന്ന പാവറിനെ തിരികെ കൊണ്ടുവരാന്‍ ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയതോടെ രാമന്‍ പരിശീലക സ്ഥാനം നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ.

ടി20 ലോകകപ്പില്‍ ടീമിനെ ഫൈനലിലേക്ക് എത്തിച്ച പരിശീലകന് എന്തുകൊണ്ട് വീണ്ടും ആ സ്ഥാനം നല്‍കിയിയില്ലെന്നാണ് ഗാംഗുലി ചോദിക്കുന്നത്. ഇതോടെ രമേശിന്റെ നേതൃത്വം ബിസിസിഐ മേധാവി ഇഷ്ട
പ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍.

അഞ്ച് ടി20 പരമ്പരയും 5 ഏകദിന പരമ്പരയുമാണ് ഇന്ത്യന്‍ വനിതാ ടീം രാമന്റെ കീഴില്‍ കളിച്ചത്. 5 ഏകദിന പരമ്പരയില്‍ നാലിലും വിജയിക്കുകയും ചെയ്തു. 2018 ല്‍ വിന്‍ഡിസില്‍ നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് രമേശ് പവാറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. മിതാലി രാജുമായുള്ള വാഗ്‌വാദവും അന്ന് നാല്‍പത്തിമൂന്ന്കാരനായ പവാറിന് പുറത്തേക്കുള്ള വഴിയൊരുക്കി.

വീണ്ടും പരിശീലക സ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ട് പര്യടനമാണ് രമേശ് പവാറിന് മുന്‍പില്‍ ആദ്യമുള്ളത്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും ടി20യും ഇന്ത്യന്‍ ടീം കളിക്കും. അതിനേ ശേഷം ഓസ്‌ട്രേലിയയില്‍ ആദ്യത്തെ പിങ്ക് പിങ്ക് ബോള്‍ ടെസ്റ്റാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് നേരിടാനുള്ളത്.