ഐപിഎല്ലിലെ അപ്രതീക്ഷിത അവധി ആഘോഷമാക്കാൻ പൃഥ്വി ഇറങ്ങി, പാസില്ലാതെ; വഴിയില്‍ തടഞ്ഞ് പൊലീസ്

ന്യൂഡെല്‍ഹി: കൊറോണ പ്രതിസന്ധിയിലാക്കിയ ഐപിഎല്‍ സീസണില്‍ നിന്നും അവധി കിട്ടിയതോടെ ഇത് ആഘോഷമാക്കാന്‍ ഇറങ്ങിയ യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു. ഇ പാസ് പോലും എടുക്കാതെ സ്വന്തം കാറില്‍ സൃഹൃത്തുക്കള്‍ക്ക് ഒപ്പം കോലാപൂര്‍ വഴി യാത്ര ചെയ്യവേയാണ് പൃഥ്വിയെ പൊലീസ് തടഞ്ഞത്.

കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ ഇ- പാസ് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പാസ് ആവശ്യപ്പെട്ടപ്പോള്‍ താരം കൈ മലര്‍ത്തി. ഇതൊന്നും ബാധകമല്ലെന്ന മട്ടിൽ യാത്ര തുടരാനുള്ള അനുവാദം പൃഥ്വി ചോദിച്ചെങ്കിലും പൊലീസ് അനുമതി നല്‍കിയില്ല.

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി പാസിന് താരം അപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇത് ലഭിച്ച ശേഷം പൊലീസിനെ കാണിച്ചു. അതിന് ശേഷമാണ് താരത്തിന് യാത്ര തുടരാന്‍ അനുമതി ലഭിച്ചത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പാതി വഴിയില്‍ നിര്‍ത്തിവച്ചിരുന്നു. ഇതോടെ താരം വിശ്രമത്തിലായിരുന്നു. ഈ സമയം ആണ് ഗോവയില്‍ ആഘോഷിക്കാനായി താരം പുറപ്പെട്ടത്.

ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപണിങ് ബാറ്റ്സ്മാനായി ആണ് പൃഥ്വി ഈ സീസണില്‍ തിളങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമില്‍ പൃഥ്വിയെ ഉള്‍പ്പെടുത്താഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.