ഇന്ധന പമ്പില്‍ തകരാര്‍; ഹോണ്ട 77,954 കാറുകള്‍ തിരിച്ചുവിളിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ധന പമ്പിലെ തകരാറിനെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട മോഡലുകളിലെ 77,954 കാറുകള്‍ തിരിച്ചു വിളിക്കാന്‍ ഹോണ്ടാ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഒരു ടെസ്റ്റിനെ തുടര്‍ന്നാണ് തകരാര്‍ സംഭവിച്ച ഇന്ധന പമ്പുകള്‍ മാറ്റി സ്ഥാപിക്കാനായി കാറുകള്‍ തിരിച്ച് വിളിക്കാന്‍ ഹോണ്ട തീരുമാനിച്ചത്.

ഈ വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ധന പമ്പുകളില്‍ തകരാറുള്ള ഇംപെല്ലറുകള്‍ അടങ്ങിയിരിക്കാം. അത് കാലക്രമേണ എഞ്ചിന് കേടുപാടുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനമെന്ന് എച്ച്‌സിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.

2019 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ നിര്‍മ്മിച്ച ഹോണ്ട അമേസ്, ഫോര്‍ത്ത് ജനറേഷന്‍ ഹോണ്ട സിറ്റി, ഡബ്ല്യുആര്‍-വി, ജാസ്, സിവിക്, ബിആര്‍-വി, സിആര്‍വി എന്നീ മോഡലുകളാണ് തിരിച്ചുവിളിക്കുന്നുത്.

ഏപ്രില്‍ 17 മുതല്‍ ഘട്ടംഘട്ടമായി ഇന്ത്യയിലുടനീളമുള്ള എച്ച്‌സിഐഎല്‍ ഡീലര്‍ഷിപ്പുകള്‍ മുഖേന ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടുന്നതായും തിരിച്ചു വിളിക്കുന്ന കാറുകളിലെ തകരാര്‍ പരിഹറിക്കുന്നത് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ധന പമ്പുകളിലെ തകരാറിനെ തുടര്‍ന്ന് 2018 ല്‍ നിര്‍മ്മിച്ച ഹോണ്ട അമേസ്, സിറ്റി, ജാസ് എന്നിവയുള്‍പ്പെടെ വിവിധ മോഡലുകളുടെ 65,651 യൂണിറ്റുകളും കഴിഞ്ഞ ജൂണില്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു.