സോഫ്റ്റ് വെയർ തകരാർ; പൊതുഅവധി ദിനത്തിലും പ്രവർത്തിച്ച ട്രഷറിയിലെ പെൻഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം: പൊതു അവധി ദിവസമായ ഇന്നും പ്രവർത്തിച്ച ട്രഷറിയിൽ സോഫ്റ്റ് വെയർ തകരാർ മൂലം പെൻഷൻ വിതരണം തടസപ്പെട്ടു. ട്രഷറിയിലെത്തിയവർ മണിക്കൂറുകളോളം കാത്തുനിന്നു. സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ട്രഷറി വകുപ്പിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പിന് മുൻപ് പുതുക്കിയ ശമ്പളവും പെൻഷനും നൽകാനാണ് പൊതു അവധി ദിവസവും ട്രഷറി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ദുഖവെള്ളി ദിവസം പുതുക്കിയ പെൻഷൻ വാങ്ങാനെത്തിയവർ ട്രഷറിയിൽ കുടുങ്ങുകയായിരുന്നു.

10 മണിക്ക് ട്രഷറിയിലെത്തിയവർ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. സോഫ്റ്റ്വെയറിലേക്ക് കയറാൻ പോലും കഴിയാതെ ജീവനക്കാരും ബുദ്ധിമുട്ടി. വഞ്ചിയൂർ ട്രഷറി തട്ടിപ്പിന് ശേഷം സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നായിരുന്നു ട്രഷറി വകുപ്പിന്റെ വിശദീകരണം. എന്നാൽ സെർവർ തകരാർ തുടരുകയായിരുന്നു.

ഉച്ചക്ക് ശേഷം സാങ്കേതികതകരാർ താല്ക്കാലികമായി പരിഹരിച്ചു. സെർവറിന്റേ ശേഷി ഉടൻ വർദ്ധിപ്പിക്കുമെന്നും അതോടെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് ട്രഷറി വകുപ്പിന്റെ വിശദീകരണം.