മുംബൈ: ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻറുകളിൽ പങ്കെടുത്ത സംഘാടകർക്ക് പ്രതിഫലം നൽകാതെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഒരു ടൂർണമെൻറ് സമാപിച്ച് 15 ദിവസത്തിനുള്ളിൽ ബിസിസിഐ പ്രതിഫലം വിതരണം ചെയ്യാറുണ്ട്. എന്നാൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെൻറ് സമാപിച്ചിട്ട് രണ്ട് മാസമായിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് പലരുടെയും പരാതി.
മാച്ച് ഓഫീഷ്യൽ അമ്പയർമാർ, സ്കോറർമാർ, വിഡിയോ അനലിസ്റ്റുകൾ എന്നിങ്ങനെ 400 പേർക്കാണ് ബിസിസിഐ പ്രതിഫലം നൽകാത്തത് എന്നാണ് റിപ്പോർട്ട്. അതിനിടെ മുടങ്ങിയ രഞ്ജി ട്രോഫിയിൽ കളിക്കാനിരുന്ന താരങ്ങൾക്ക് ബിസിസിഐ നഷ്ടപരിഹാരം നൽകാം എന്ന് സമ്മതിച്ചിരുന്നെങ്കിലും അതും ബിസിസിഐ നൽകിയിട്ടില്ല.
ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജറായ സാബ കരീം കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. നിലവിൽ ബിസിസിഐയിൽ ഒരു ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ നിലവിൽ ഇല്ല. ഇതിനാലാണ് ഇത്തരം കാര്യങ്ങളിൽ തടസം നേരിടുന്നത് എന്നാണ് റിപ്പോർട്ട്.
കൊറോണ വ്യാപന സാഹചര്യം പരിഗണിച്ച് കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തിയിരുന്നില്ല. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി എന്നീ ടൂർണമെൻറുകൾ മാത്രമാണ് നടത്തിയത്. ഇപ്പോൾ സീനിയർ വനിതകളുടെ 50 ഓവർ മത്സരങ്ങൾ നടക്കുകയാണ്.