മുംബൈ: പൊതുവിപണിയിൽനിന്നുള്ള സർക്കാരിന്റെ കടമെടുക്കൽ പദ്ധതിയുടെ ഭാഗമായി റിസർവ് ബാങ്ക് 20,000 കോടി രൂപ വിപണിയിലെത്തിക്കും. ഫെബ്രുവരി 10നായിരിക്കും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ്(ഒഎംഒ)വഴി സർക്കാർ കടപ്പത്രങ്ങളിൽ ആർബിഐ നിക്ഷേപിക്കുക. വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.
നിലവിലെ പ്രത്യേക സാഹചര്യംകണക്കിലെടുത്താണ് പണലഭ്യത ഉറപ്പാക്കാൻ ആർബിഐ വിപണിയിൽ ഇടപെടുന്നത്. വിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് താങ്ങായാണ് ആർബിഐ ഇടപെടൽ.
രണ്ടാഴ്ചയായി സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇതേതുടർന്നാണ് ആർബിഐയുടെ പ്രഖ്യാപനം. ഇതോടെ മുൻദിവസത്തെ ക്ലോസിങ് നിരക്കായ 6.071ശതമാനത്തിൽനിന്ന് ആദായം 6.034ശതമാനമായി കുറയുകയുംചെയ്തു.
ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ വിപണിയിൽനിന്ന് കുറഞ്ഞ ചെലവിൽ കടമെടുക്കാൻ സർക്കാരിനാകും. 2021-22 സാമ്പത്തികവർഷത്തിൽ 12.05 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ 12.80 ലക്ഷംകോടി രൂപെയ അപേക്ഷിച്ച് ഇതുക കുറവാണ്.