സാവോ പോളോ: ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്ന് ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഡീഗോ മറഡോണയുടെ വേർപാടിലാണ് പെലെ ഏറെ വൈകാരികമായ കുറിപ്പിട്ടത്.
“ദുഃഖകരമായ വാർത്ത. എനിക്ക് എൻ്റെ പ്രിയ സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിൻ്റെ കുടുംബത്തിന് ദൈവം ഈ വിട വാങ്ങൽ താങ്ങാനുള്ള ശക്തി നൽകട്ടേ”യെന്നും പെലെ പറഞ്ഞു. ലോകകപ്പ് നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്
ഡീഗോ മറഡോണയുടെ മരണത്തിൽ അനുശോചനമറിയിച്ച് അർജൻറീന സൂപ്പർ താരം ലയണൽ മെസിയും പോർചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. അർജൻറീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിൻ്റെ ദിനമാണെന്ന് മെസി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മിൽ നിന്ന് ഒരിക്കലും പോവില്ല. കാരണം അദ്ദഹം അനശ്വരനാണ്.
അദ്ദേഹത്തോടൊപ്പമുള്ള മനോഹര നിമഷങ്ങളെ ഇപ്പോൾ ഓർമിക്കുകയാണ്. ഡീഗോയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും മെസി ഫേസ്ബുക്കിൽ കുറിച്ചു.
എൻ്റെ ഒരു സുഹൃത്ത് വിട പറയുകയാണ്. എക്കാലത്തേയും മികച്ച പ്രതിഭയും അനശ്വനുമായ ഒരാൾ വിട പറയുന്നു. സമാനതകളില്ലാത്ത മാന്ത്രികൻ. അദ്ദേഹം വിടപറയുകയാണ്. പക്ഷേ ഒരിക്കലും മായാത്ത പാരമ്പര്യം ഉപേക്ഷിച്ചാണ് അദ്ദേഹം മറയുന്നത് ക്രിസ്റ്റ്യാനോ ഫേസ്ബുക്കിൽ കുറിച്ചു.