ന്യൂഡെൽഹി: ഡിബിഎസ് ബാങ്കുമായുള്ള ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനത്തിന് കേന്ദ്ര മന്തിസഭാ യോഗം അംഗീകാരം നൽകി. റിസർവ്വ് ബാങ്ക് നൽകിയ നിർദ്ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഈമാസം 17 നാണ് റിസർവ്വ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്കുമായി ലയിപ്പിക്കുന്നതിനുള്ള കരട് പദ്ധതി പുറത്തിറക്കിയത്.
ബാങ്കിന് ഒരു മാസം മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരട് പദ്ധതി പുറത്തിറക്കിയത്. നിക്ഷേപകന് പരമാവധി പിൻവലിക്കാവുന്ന തുക 25,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ലയനം പൂർണമാകുന്നതോടെ നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കും.
നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമായതിനാലാണ് ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനത്തിന് അംഗീകാരം നൽകുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. 4,000 ജീവനക്കാരേയും 20 ലക്ഷം നിക്ഷേപകരെയും സംരക്ഷിക്കുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.