കൊല്ലം: ഗിന്നസ് റെക്കോര്‍ഡിലേക്ക് നീന്തി കടന്നിരിക്കുകയാണ് കൊല്ലം സ്വദേശി ഡോള്‍ഫിന്‍ രതീഷ്. ടിഎസ് കനാലിലൂടെ 10 കിലോമീറ്റര്‍ നീന്തിയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഇന്ന് രാലിലെയാണ് മത്സരം തുടങ്ങിയത്. പണിക്കര്‍ പാലത്തിന്റെ സമീപത്തുനിന്നും അഴീക്കല്‍ വരെയാണ് രതീഷ് നീന്തിയത്. രാവിലെ എട്ടേകാലോടെ തുടങ്ങിയ നീന്തല്‍ രണ്ടുമണിയോടെ പൂര്‍ത്തിയാകുകയായിരുന്നു.
രതീഷ് നേരത്തെ ഈ ഇനത്തില്‍ മത്സരിച്ച് ലിംക റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിരുന്നു. തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി കായികതാരമാണ് ഡോള്‍ഫിന്‍ രതീഷ് എന്നറിയപ്പെടുന്ന രതീഷ്. കേരളത്തില്‍ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാടെന്ന തീരദേശ ഗ്രാമത്തില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച വ്യക്തിത്വമാണ് ഡോള്‍ഫിന്‍ രതീഷ്.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചതുകൊണ്ടുതന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലില്‍ രതീഷ് പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. എല്ലാവരും നീന്തുന്നതുപോലെയല്ല, എന്തെങ്കിലും വ്യത്യസ്ത കൊണ്ടുവരാന്‍ രതീഷ് പരിശ്രമിച്ചു. അങ്ങനെയാണ് കൈ-കാല് കെട്ടി നീന്താന്‍ ആരംഭിച്ചത്.
ഒരു അക്കാദമിയുടെയും സഹായമില്ലാതെയാണ് പരിശീലനം നടത്തിയത്. ആലപ്പാടിന്റെ പടിഞ്ഞാറു ഭാഗത്തെ അറബിക്കടലിലും കിഴക്ക്വശം സ്ഥിതി ചെയ്യുന്ന ടി.എസ് കനാലിലും നീന്തിപഠിച്ചാണ് രതീഷ് ഇന്നത്തെ ഉയരത്തിലേക്കെത്തിയത്. കൈയ്യും കാലും കെട്ടി നീന്തി 2008 ല്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ സ്ഥാനം നേടുകയും തുടര്‍ന്ന് രണ്ടാം വര്‍ഷം തന്റെ തന്നെ റെക്കോര്‍ഡ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ പത്ത് വര്‍ഷമായി കൊല്ലം ബീച്ചില്‍ ലൈഫ് ഗാര്‍ഡ് ആയി പ്രവര്‍ത്തിക്കുകയാണ് രതീഷ്.