തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ ഉടൻ തുറക്കില്ലെന്ന് സൂചന. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ജനുവരി മുതൽ സ്കൂളുകൾ തുറക്കാമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളും സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെയാണ് വിദ്യഭ്യാസ വകുപ്പും സർക്കാർ ഇക്കാര്യത്തിൽ വീണ്ടും പുനപരിശോധനയ്ക്ക് തയ്യാറായത്. എന്നാൽ സ്കൂൾ തുറന്നാൽ രോഗ വ്യാപനത്തിന് കാരണമാകുമെന്ന അഭിപ്രായം ശക്തമാകുകയാണ്.
സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ച ഡെൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ വീണ്ടും അടയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂൾ തുറന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. അതു കൊണ്ട് ഇത് കൂടി പരിഗണിച്ചാകും തീരുമാനമെന്നാണ് സൂചന.
കൊറോണ മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കിയിരുന്നു. പത്ത്, പ്ലസ്ടു ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ശുപാർശകളും സർക്കാരിന് നൽകിയിട്ടുണ്ട് .