സ്വര്‍ണ നിക്ഷേപത്തിന് സ്വീകാര്യത; ഇന്ത്യയിലേക്ക് റെക്കോർഡ് സ്വർണം ഇറക്കുമതി

ന്യൂഡെൽഹി : ലോക്ക്ഡൗണിലെ ഇടിവിന് വിരാമമിട്ട് കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി കുത്തനെ കൂടി. 2019 ഓഗസ്‌റ്റില്‍ 137 കോടി ഡോളര്‍ വരുന്ന 32.1 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ വാങ്ങിയത്. എന്നാല്‍, കഴിഞ്ഞമാസം ഇറക്കുമതി 60 ടണ്ണിലേക്ക് ഉയര്‍ന്നു, 370 കോടി ഡോളറാണ് മൂല്യം. കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണിത്.

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാജ്യമായ ഇന്ത്യയില്‍ സ്വര്‍ണത്തിലെ നിക്ഷേപത്തിന് സ്വീകാര്യത വര്‍ദ്ധിച്ചതും ഏറെക്കാലത്തെ റെക്കാഡ് കുതിപ്പിന് ശേഷം വില താഴേക്കിറങ്ങിയതും ഇറക്കുമതി കൂടാന്‍ വഴിയൊരുക്കി. അണ്‍ലോക്ക് നടപടികളെ തുടര്‍ന്ന് റീട്ടെയില്‍ വ്യാപാരം പുനരാരംഭിച്ചതും സഹായകമായി.