ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയനത്തിലേക്ക്

ന്യൂഡൽഹി: കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ മൂന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഉടൻ ലയിപ്പിക്കും.

ഓറിയന്റൽ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനികളുടെ ലയനമാണ് ഏറെ താമസിയാതെ ഉണ്ടാക്കുക.

പ്രവർത്തനം മെച്ചപ്പെടുത്തുക, കടത്തിന്റെ അനുപാതം കുറയ്ക്കുക, ലാഭംവർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭ ഉടൻ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

മൂന്നു കമ്പനികൾക്കുമായി 2,500 കോടി രൂപ സർക്കാർ ഈവർഷം ആദ്യം നൽകിയിരുന്നു. അടുത്തവർഷത്തേയ്ക്ക് 6,500 കോടി രൂപയാണ് ഈ കമ്പനികൾക്ക് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കാൻ 2018-19 സാമ്പത്തിക വർഷത്തിൽ മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിർദേശം നൽകിയിരുന്നു.