കിവീസ് വീണു; ഫൈനലിൽ ഇന്ത്യക്കെതിരേ ബംഗ്ലാദേശ്


പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയിൽ കിവീസിന് ബംഗ്ലാദേശിനോട് തോൽവി. ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ന്യൂസീലൻഡിനെ ആറു വിക്കറ്റിന് തകർത്ത ബംഗ്ലാദേശ് ഇതാദ്യമായാണ് അണ്ടർ-19 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഞായറാഴ്ചയാണ് ഫൈനൽ.

ന്യൂസീലൻഡ് ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 44.1 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ മഹ്മുദുൾ ഹസന്റെ ഇന്നിങ്സാണ് ബംഗ്ലാദേശിന് തുണയായത്.
127 പന്തുകൾ നേരിട്ട മഹ്മുദുൾ 13 ബൗണ്ടറികൾ സഹിതം 100 റൺസെടുത്തു. തൗഹിദ് ഹൃദോയ് (40), ഷഹാദത്ത് ഹുസൈൻ (40*) എന്നിവർ മഹ്മുദുളിന് മികച്ച പിന്തുണ നൽകി. പർവേസ് ഹുസൈൻ (14), തൻസിദ് ഹസൻ (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് യുവനിരയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആറാമതായി ബാറ്റിങ്ങിനിറങ്ങി 83 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം പുറത്താകാതെ 75 റൺസെടുത്ത ബെക്കാം വീലർ ഗ്രീനാളിന്റെ ഇന്നിങ്സാണ് കിവീസിനെ 200 കടത്തിയത്. 44 റൺസെടുത്ത നിക്കോളാസ് ലിഡ്സ്റ്റോൺ മാത്രമാണ് പിന്നീട് കിവീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഒരു താരം.