നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കൊറോണ

ക്രൊയേഷ്യ: ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരമായ നൊവാക് ജോക്കോവിച്ചിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. താരത്തിനും ഭാര്യ ജെലെനക്കും കൊറോണ പോസിറ്റീവാണ്. ജോക്കോവിച്ച് ക്രൊയേഷ്യയിൽ സംഘടിപ്പിച്ച ടൂർണമെൻ്റിൽ പങ്കെടുത്ത പല താരങ്ങൾക്കും കൊറോണ പോസിറ്റീവ് ആയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനും കൊറോണ ബാധ സ്ഥിരീകരിച്ചത്.

ക്രൊയേഷ്യയിൽ അഡ്രിയ ടൂർ ടെന്നിസ് ടൂർണമെൻ്റ് സംഘടിപ്പിച്ച ജോക്കോവിച്ചിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. താൻ വാക്സിനേഷന് എതിരാണെന്ന പരസ്യ പ്രഖ്യാപനം നടത്തിയ ജോക്കോവിച് നേരത്തെ വിവാദത്തിൽ പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് താരം എക്സിബിഷൻ ടൂർണമെൻ്റ് നടത്തിയത്.

സാമൂഹ്യ അകലം പാലിക്കാതെ നടത്തിയ ടൂർണമെൻ്റിൽ കാണികളും എത്തിയിരുന്നു. അതേസമയം വൈറസ് ബാധ കുറഞ്ഞ സമയത്താണ് ടൂർണമെൻ്റ് സംഘടിപ്പിച്ചതെന്ന് ജോക്കോവിച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ടൂർണമെൻ്റ് നടത്താനുള്ള അന്തരീക്ഷം ഉണ്ടാവുമെന്ന് കരുതി. പക്ഷേ, നിർഭാഗ്യവശാൽ അപ്പോഴും വൈറസ് ബാധ ഉണ്ടായിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

നേരത്തെ ടൂർണമെൻ്റിൽ പങ്കെടുത്ത ക്രൊയേഷ്യൻ താരം ബോർന കോറിച്, ബൾഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് എന്നിവർക്ക് രോ​ഗ ബാധ സ്ഥിരീകരിച്ചിരുന്നു. ദിമിത്രോവിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ടൂര്‍ണമെന്റ് റദ്ദാക്കിയിരുന്നു എങ്കിലും രോഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം ജോക്കോവിചിൻ്റെ സഹോദരനും കൊറോണ സ്ഥിരീകരിച്ചു.