ഐസിസി റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി

 

ദുബായ്: ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ള പാകിസ്ഥാന്‍ നാലാം റാങ്കിലേക്ക് കയറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നില്‍ മൂന്ന് മത്സരങ്ങളും തൂത്തുവാരിയാണ് പാകിസ്ഥാന്‍ റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്. 

പരമ്പര തൂത്തുവാരി 106 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് പാകിസ്ഥാന്റെ കുതിപ്പ്. ഇന്ത്യയേക്കാള്‍ ഒരു പോയിന്റ് അധികം നേടിയാണ് പാകിസ്ഥാൻ നാലാം സ്ഥാനത്തേക്ക് ഉയർന്നത്.

125 റേറ്റിങ് പോയിന്റുകളുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. 124 പോയിന്റുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 107 റേറ്റിങ് പോയിന്റുകളുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 
ബാബര്‍ അസമിന്റെ നേതൃത്വത്തില്‍ സമീപ കാലത്ത് ഏകദിനത്തില്‍ മികച്ച മുന്നേറ്റമാണ് പാകിസ്ഥാന്‍ നടത്തുന്നത്. ഇംഗ്ലണ്ട്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയും അവര്‍ പരമ്പര നേട്ടങ്ങള്‍ ആഘോഷിച്ചിരുന്നു.
ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ പാക് നായകന്‍ തന്നെയാണ് ഒന്നാമത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് രണ്ടാം റാങ്കില്‍.