രണ്ട് ഫുട്ബോൾ മത്സരങ്ങളില്‍ ആകെ പിറന്ന ഗോളുകളുടെ എണ്ണം 94!

ജൊഹന്നാസ്ബര്‍ഗ്:  നാലാം ഡിവിഷന്‍ പോരാട്ടത്തിലെ രണ്ട് മത്സരങ്ങളില്‍ ആകെ പിറന്ന ഗോളുകളുടെ എണ്ണം 94!. ഫുട്‌ബോള്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ രണ്ട് മത്സരങ്ങളുടെ വാര്‍ത്തയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നത്.

കളിയും മത്സര ഫലങ്ങളും ചുവപ്പ് കാര്‍ഡും എല്ലാം സംശയത്തിന്റെ നിഴലിലായതോടെ നാല് ടീമുകള്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ഒത്തുകളി ആരോപിച്ചാണ് കര്‍ശന അച്ചടക്ക നടപടി. കഴിഞ്ഞ മാസം അവസാനമായിരുന്നു ഈ വിവാദ മത്സരങ്ങൾ. അന്വേഷണങ്ങൾക്കൊടുവിലാണ് ടീമുകൾക്ക് വിലക്കേർപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ടീമുകളായ മതിയാസി എഫ്‌സി, ഷിവുലാനി ഡയ്ഞ്ചറസ് ടൈഗേഴ്‌സ്, കൊടോകോ ഹാപ്പി ബോയ്‌സ്, എന്‍സമി മൈറ്റി ബേര്‍ഡ്‌സ് ടീമുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മതിയാസി എഫ്‌സി 59-1 എന്ന സ്‌കോറിന് മൈറ്റി ബേര്‍ഡ്‌സിനെ വീഴ്ത്തിയപ്പോള്‍ ടൈഗേഴ്‌സ് ഹാപ്പി ബോയ്‌സിനെ വീഴ്ത്തിയത് 33-1 എന്ന സ്‌കോറിന്. 
ഈ സ്‌കോര്‍ ബോര്‍ഡ് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. ഇതില്‍ മതിയാസി- മൈറ്റി ബേര്‍ഡ്‌സ് പോരാട്ടത്തില്‍ പിറന്ന 59ല്‍ 41 ഗോളും സെല്‍ഫ് ഗോളാണ്.

മൈറ്റി ബേര്‍ഡ്‌സ് മത്സരം അവസാനിപ്പിക്കുമ്പോള്‍ അവരുടെ ടീമില്‍ ഏഴ് താരങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചത്. നാല് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി. 
ലീഗ് തലപ്പത്തേക്ക് ഷിവുലാനി ഡയ്ഞ്ചറസ് ടൈഗേഴ്‌സ് ടീം എത്തുന്നത് ഒഴിവാക്കാന്‍ മതിയാസി, മൈറ്റ് ബേര്‍ഡ്‌സ് ടീമുകള്‍ ഒത്തുകളിച്ചതായാണ് ആരോപണം. നാല് ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ നാലാം സ്ഥാനത്തുള്ള ഗവുല ക്ലാസിക്ക് ടീമിനെ നാലാം ഡിവിഷനിലെ കിരീട ജേതാക്കളായി പ്രഖ്യാപിച്ചു.