ചൈനയില്‍ കൊറോണ വ്യാപനം: ദശലക്ഷക്കണക്കിന് ആളുകള്‍ ലോക്ഡൗണില്‍

ബീജിംങ്: ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുമ്പോള്‍ രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്ക്. ഞായറാഴ്ച ചൈനയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജിലിന്‍ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ജിലിനില്‍ ഇന്ന് രാത്രി മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് പൂട്ടിയിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 4.5 ദശലക്ഷം നിവാസികളെയാണ് ഇത് ബാധിക്കുക.

മാര്‍ച്ച് 11 മുതല്‍, ചാങ്ചുനിലെ ഒമ്പത് ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ മാത്രമാണ് അനുവാദം നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും കൊറോണ മുന്നണി പോരാളികള്‍ക്കും മാത്രമേ അവരുടെ വീടുകള്‍ വിട്ടുപോകാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. ജിലിന്‍ പ്രവിശ്യയില്‍ എട്ട് താത്കാലിക ആശുപത്രികളും രണ്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം ചൈനയിലെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനങ്ങളുടെ ആസ്ഥാനമായ ഷെന്‍ഷെനില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. പൊതുഗതാഗതം പൂര്‍ണ്ണമായും പുനരാരംഭിച്ചെങ്കിലും അത്യാവശ്യകാര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. ഒരു വര്‍ഷത്തിലേറെയായി കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ചൈനയില്‍ കഴിഞ്ഞ ദിവസം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.