യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും; എതിരാളിയായി അത്‌ലറ്റിക്കോ മാഡ്രിഡ്

യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. ഒന്നാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ അയാക്‌സ്, ബെന്‍ഫിക്കയെ നേരിടും. രാത്രി ഒന്നരയ്ക്കാണ് മത്സരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ കിരീടസ്വപ്നം ഏറെക്കുറെ അവസാനിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗില്‍ മുന്നേറുക പ്രധാനം. റാല്‍ഫ് റാഗ്‌നിക്കിന് കീഴില്‍ ഒരു കീരീടമോഹമുണ്ടെങ്കില്‍ ചാംപ്യന്‍സ് ലീഗ് മാത്രമാണ് പ്രതീക്ഷ.

ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് വരുന്നത്. എതിരാളികളായ അത്‌ലറ്റിക്കോയ്ക്ക് ലാലിഗയില്‍ അത്രനല്ല കാലമല്ല. ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരെ ചാംപ്യന്‍സ് ലീഗിലെ അവസാന നാല് മത്സരങ്ങളിലും തോല്‍വിയെന്ന നാണക്കേട് മാറ്റണം സിമിയോണിക്കും സംഘത്തിനും. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മികച്ച ഫോമും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും യുണൈറ്റഡിന് കരുത്താകും. ജാദന്‍ സാഞ്ചോ, പോള്‍ പോഗ്ബ, ഹാരി മഗ്വെയര്‍, റാഫേല്‍ വരാനെ, ഡേവിഡ് ഡിഹിയ എന്നിവര്‍ കൂടി ചേരുമ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

ലൂയിസ് സുവാരസും ജാവോ ഫെലിക്‌സും ചേരുന്ന മുന്നേറ്റത്തില്‍ തന്നെയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതീക്ഷ. മാഡ്രിഡ് മൈതാനത്താണ് മത്സരമെന്നതും ടീമിന് മുന്‍തൂക്കം നല്‍കും.31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതിന് മുന്‍പ് ഇരുടീമുകളും ഏറ്റുമുട്ടിയത്. മത്സരത്തില്‍ അത്ലറ്റിക്കോയുടെ ഗോള്‍വലകുലുക്കിയാല്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ 500 ഗോള്‍ തികയ്ക്കുന്ന നാലാമത്തെ ടീമെന്ന റെക്കോര്‍ഡിലെത്താം യുണൈറ്റഡിന്. റയല്‍മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ ടീമുകളാണ് ഇതിന് മുമ്പ് 500ഗോള്‍ പിന്നിട്ട ടീമുകള്‍.