വിട്ടുവീഴ്ചയ്ക്ക് ഇല്ല; വീണ്ടും നൊവാക് ജോക്കോവിച്ചിന്‍റെ വിസ റദ്ദാക്കി ഓസ്ട്രേലിയ

മെല്‍ബണ്‍: വീണ്ടും നൊവാക് ജോക്കോവിച്ചിന്‍റെ വിസ ഓസ്ട്രേലിയ റദ്ദാക്കി. ഇത്തവണയും കൊറോണ വാക്സീന്‍ എടുക്കാത്തിന്‍റെ പേരിലാണ് വിസ റദ്ദാക്കിയത്. മൂന്ന് വർഷം ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കി. ജോക്കോ ഓസ്ട്രേലിയ വിടണം. പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഓസ്ട്രേലിയന്‍ സർക്കാർ വ്യക്തമാക്കി. എന്നാല്‍ അപ്പീല്‍ നല്‍കുമെന്ന് ജോക്കോ അറിയിച്ചു.

കൊറോണ വാക്സീന്‍ എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്‍റെ വിസ ആദ്യം റദ്ദാക്കിയ നടപടി മെൽബൺ കോടതി റദ്ദാക്കിയിരുന്നു. കൊറോണ വാക്സീനെടുക്കാത്തതിന്‍റെ പേരില്‍ ജോക്കോവിച്ചിന് വീസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം പാർപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ജോക്കോ കോടതിയിലെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നിലനിര്‍ത്താനിറങ്ങാന്‍ അവകാശം നേടിയെടുത്തത്. എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വീണ്ടും വിസ റദ്ദാക്കി വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ സർക്കാർ.

നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പൺ കോര്‍ട്ടിൽ ജോക്കോവിച്ച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്‍റില്‍ ജോക്കോവിച്ചിനെ ടോപ് സീഡായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.