പ്രവാസികൾക്ക് 30 ലക്ഷം വരെ വായ്പ നൽകാനൊരുങ്ങി നോർക്ക

തിരുവനന്തപുരം: പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ നൽകാനൊരുങ്ങി നോർക്ക. നാട്ടിൽ സ്ഥിരതാമസമാകാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായാണ് വായ്പ നൽകുന്നത്. 15 ശതമാനം മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം) യോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 3% പലിശ ഇളവ് വേറെയും ലഭിക്കും.

രണ്ടു വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം. വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ കേരളത്തിലെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകളിൽ നിന്ന് വായ്പ ലഭിക്കും. നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റസ് (എൻ.ഡി.പി.ആർ.എം) എന്ന ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. തിരിച്ചെത്തിയ പ്രവാസികളുടെ സൊസൈറ്റികൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്കും വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങൾ, കൃഷി, വ്യവസായം, കച്ചവട സംരംഭങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്. ‘പ്രോജക്ട് റിപ്പോർട്ട്, പാസ്പോർട്ട് / വിസ എന്നിവയുടെ പകർപ്പ്, ഫോട്ടോ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:1800 425 3939.