ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ഇനി മൂന്ന് ദിവസം കൂടിമാത്രം; തിയതി നീട്ടാൻ സാധ്യത

ന്യൂഡെൽഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ തിയതി നീട്ടിയേക്കുമെന്ന് സൂചന. കൊറോണ വ്യാപന പശ്ചാത്തലത്തിലാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കാലാവധി ഇനിയും നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി ജൂലൈ 31 ആണ് ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. കൊറോണ പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയത്. 2020-21 സാമ്പത്തികവര്‍ഷത്തെ റിട്ടേണാണ് സമര്‍പ്പിക്കേണ്ടത്.

ഡിസംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ലേറ്റ് ഫീയോടെ മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാനും അവസരമുണ്ട്. 10,000 രൂപ വരെയാണ് പിഴയായി ഈടാക്കുക.

ഇതുവരെ 4.43 കോടി ആളുകള്‍ റിട്ടേണ്‍ സമര്‍പ്പിച്ചതായാണ് ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചത്. ഡിസംബര്‍ 26 വരെയുള്ള കണക്കാണിത്. ഡിസംബര്‍ 25ന് മാത്രം 11.68ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തതായും ആദായനികുതി വകുപ്പ് അറിയിച്ചു.